തലശ്ശേരി: ചൊക്‌ളി പഞ്ചായത്തിലെ ഉൾനാടൻ ഗ്രാമമായ ഒളവിലം നാരായണൻ പറമ്പിലെ വില്ലാരത്ത് പുരുഷുവേട്ടന്റെ കട ദശകങ്ങളായി 'നാട്ടു സമാചാരം' പങ്കുവെക്കുന്ന ചായക്കടയാണ്. കാലത്തും വൈകീട്ടും ഇവിടെ ചായ കഴിക്കാനെത്തുന്നവർ നാട്ടുവർത്തമാനങ്ങളും കൈമാറും. പത്രങ്ങളിലും, ചാനലിലും നിറയുന്ന ദേശീയ അന്തർദ്ദേശീയ വാർത്തകളും മാറി മാറി ചർച്ചയാവും.എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി ഒന്നിൽ മാത്രമായി ചർച്ച ഒതുങ്ങി നിൽകുകയാണ്.പ്രശ്‌നം പൗരത്വ ബില്ല് തന്നെ. സംശയങ്ങളും ആശങ്കകളും കൂടി വന്നപ്പോൾ ഗ്രാമീണർ തീരുമാനിച്ചു.ഗൗരവമായ ഒരു ചർച്ച തന്നെ സംഘടിപ്പിച്ചാലോ?
അങ്ങിനെ നന്ദകുമാർ ടീ ഷാപ്പിന് മുന്നിൽ പ്രമുഖരെ പങ്കെടുപ്പിച്ച് പൗരത്വ ബില്ലിനെ കുറിച്ചുള്ള ചർച്ചയായി.
പി. ഹരീന്ദ്രനായിരുന്നു ഉദ്ഘാടകൻ. സി. എം.ഡി.നായർ, ബഷീർ ആവോളം, എം ഒ.നാണു മജീദ്ഖാസി ,കെ .നന്ദകുമാർ, വി.കെ.ഖാലിദ് എന്നിവരെല്ലാം അവരുടെ വേറിട്ട അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. ഒടുവിൽ ഒരു കാര്യത്തിൽ അവർ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. മനുഷ്യരെ മതങ്ങളുടെ പേരിൽ ഭിന്നിപ്പിച്ചുള്ള ഒരു നിയമവും വേണ്ട. ഞങ്ങൾ ഒറ്റക്കെട്ടാണ്... തെരുവോര ചിത്രപ്രദർശനവും, ദഫ് മുട്ടും, ദേശീയഗാനാവതരണവും ഗാനമേളയുമെല്ലാം ചേർന്ന് ഒളവിലത്തുകാർക്ക് ചായക്കട ചർച്ച ഒരുമയുടെ നാട്ടുത്സവമായിരുന്നു.
ചിത്രം. ഒളിലത്തെ പുരുഷുവേട്ടന്റെ ചായക്കട