അഴീക്കോട്: ചാൽ ശ്രീനാരായണ ഗുരുദേവ വിലാസം വായനശാലയുടെയും താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ പഴയകാല വായനശാലാ പ്രവർത്തകരെ ആദരിച്ചു.
ദയ ചാരിറ്റബിൾ ട്രസ്റ്റ്, സി.ആർ.സി എന്നിവയുടെ സഹകരണത്തോടെയാണ് ചാൽ ശ്രീനാരായണ വായനശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മുൻകാല പ്രവർത്തകരെ ആദരിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം.മോഹനൻ ഉദ്ഘാടനം ചെയ്തു.
അഴീക്കോട് ഗ്രാമപഞ്ചായത്ത് അംഗം ആർ.സനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കുമാർ, ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ. സൂരജ്, ശ്രീനാരായണ വായനശാല വികസനസമിതി കൺവീനർ എം.ടി. സുനിൽകുമാർ, കെ.പി. രമേശൻ, കുന്നിരിക്കേൻ ദാമോദരൻ എന്നിവർ സംസാരിച്ചു. ചാൽ ശ്രീ നാരായണ ഗുരുദേവ വിലാസം വായനശാല സെക്രട്ടറി വി. നജീഷ് സ്വാഗതവും പ്രസിഡന്റ് എം.ടി. മിഥുൻ നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ:
അഴീക്കോട് ചാൽ ശ്രീനാരായണ ഗുരു വായനശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മുൻകാല പ്രവർത്തകരെ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം. മോഹനൻ ഉപഹാരം നൽകി ആദരിക്കുന്നു.
സെബാസ്റ്റ്യൻ കെ. ജോസഫ് വിരമിച്ചു
കണ്ണൂർ ജില്ലയിലെ ബെഫിയുടെ നേതാവും കേരള ഗ്രാമീൺ ബാങ്ക് ഒാഫീസേഴ്‌സ് യൂണിയൻ കേന്ദ്രകമ്മിറ്റി അംഗവുമായ സെബാസ്റ്റ്യൻ കെ. ജോസഫ് 2019 ഡിസംബർ 31 ന് വിരമിച്ചു.
നടുവിൽ വിളക്കന്നൂർ സ്വദേശിയാണ്.1985 നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു.1986 മുതൽ എൻ എം ജി ബി എംപ്ലോയീസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയിൽ വരുകയും തുടർന്ന് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ്, ഒാഫീസേഴ്‌സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എന്നീ തലങ്ങളിൽ പ്രവർത്തിച്ചു. ബെഫിയുടെ കണ്ണൂർ ജില്ല കമ്മിറ്റി അംഗം, തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് നിരോധനം വിളംബര ഘോഷയാത്ര
ഇരിട്ടി : ഇന്ന് മുതൽ നിലവിൽ വരുന്ന പ്‌ളാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൗണിൽ വിളംബര ഘോഷയാത്ര നടത്തി. പയഞ്ചേരി മുക്കിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് നഗരസഭാ ചെയർമാൻ പി.പി. അശോകൻ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ , എൻ.സി.സി കാഡറ്റുകൾ എന്നിവരും വിളംബര ജാഥയിൽ പങ്കെടുത്തു.