കാസർകോട്: വിദ്യാർത്ഥികളിൽ പുത്തൻ ഭക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി കുടുംബശ്രീ ജില്ലാമിഷൻ ഇന്നു മുതൽ ടേസ്റ്റ് കാഷ്യൂ ഉത്പന്നം വിദ്യാലയങ്ങളിലെത്തിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഉച്ചയ്ക്ക് 12 ന് നായൻമാർമൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർവഹിക്കും. ശർക്കര, തേങ്ങ, നിലക്കടല, കാഷ്യു, അരിപ്പൊടി എന്നിവ കൊണ്ടുണ്ടാക്കിയ ഉത്പന്നമാണ് ടേസ്റ്റ് കാഷ്യു. വിദ്യാർഥികളിൽ പുത്തൻ ആരോഗ്യശീലം വളർത്തിയെടുക്കുന്നതിനൊപ്പം ഒഴിവു സമയങ്ങളിലും മറ്റും വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്ന ചോക്ലേറ്റുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും പ്ലാസ്റ്റിക് കവറുകൾ വിദ്യാലയ പരിസരങ്ങളിലും റോഡുകളിലും കുന്നുകൂടുന്നത് പ്രതിരോധിക്കാനും ടേസ്‌റ്റ് കാഷ്യുവിന് കഴിയും.