കാസർകോട്: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തുനൽകി കാസർകോട് ജില്ലയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവേകാൻ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. ജ്യോതി 2020 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ കരുത്തേകാൻ ജ്യോതി 2020 ആവിഷ്‌കരിച്ചതെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു.
പ്രഥമ ശുശ്രൂഷ സേവനം എല്ലാവരിലേക്കുമെത്തിക്കുന്നതിനായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകും. സ്‌കൂളുകളിലെ അനഭിലഷണീയമായ പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ ഗണിതം, ഭാഷ തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാന ശേഷി ഉറപ്പാക്കിയാവും അടുത്ത ക്ലാസിലേക്ക് കൈപ്പിടിച്ചുയർത്തുക.
പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി പുഷ്പ, എസ്.എസ്.എ ജില്ലാ പ്രൊജക്ട് മാനേജർ എ.കെ വിജയകുമാർ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ ശിവൻ, കാസർകോട് വിദ്യാഭ്യാസ ഓഫീസർ നന്ദികേശൻ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസർ സരസ്വതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൗഷാദ് അരീക്കോട്, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റർ ടി.ടി സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ പ്രധാനം
വിദ്യാലയങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് ജ്യോതി പദ്ധതി പ്രഥമ പരിഗണനയാണ് നൽകുന്നത്. അടിസ്ഥാന സൗകര്യവുമായ ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സ്‌കൂളുകളും ജനുവരി പത്തിനകം കളക്ടർക്ക് സമർപ്പിക്കും.
സി.എസ്.ആർ ഫണ്ട്
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മികച്ച ഭൗതിക സാഹചര്യമൊരുക്കുന്നതിനും സാമൂഹിക പ്രതിബദ്ധത ഫണ്ട് പ്രയോജനപ്പെടുത്തും. ഇതു പ്രകാരം കുടിവെള്ള സൗകര്യത്തിനായി കിണറുകൾ നിർമിക്കും. ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറുകൾ ഉപയോഗക്ഷമമാക്കും. സ്‌കൂൾ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി റാംപുകൾ നിർമിക്കും.
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം, വിദ്യാർത്ഥികളുടെ സുരക്ഷ, പഠന നിലവാരം എന്നിങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ സമഗ്രമായി സ്പർശിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു