ഫറോക്ക് : വെളളമൊഴുകി പോവാൻ ഓട നിർമ്മിക്കാതെയുളള ഫറോക്കിലെ റോഡ് നവീകരണം അശാസ്ത്രീയമാണെന്ന് വ്യാപാരികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഫറോക്ക് പഴയ പാലം മുതൽ പഴയ മത്സ്യ മാർക്കറ്റു വരെയുളള ഓൾഡ് എൻ.എച്ച് റോഡാണ് ഉയർത്തി നവീകരിക്കുന്നത്. ഡ്രൈനേജ് നിർമ്മിക്കാതെ റോഡ് ഉയർത്തി നവീകരിക്കുന്നതിനാൽ ഫറോക്ക് അങ്ങാടി വെളളത്തിൽ മുങ്ങുന്ന സ്ഥിതിയാണെന്നും ഇവർ പറഞ്ഞു . കഴിഞ്ഞ ദിവസം പെയ്ത ഒറ്റമഴയക്കു തന്നെ റെയിൽവെ കോമ്പൗണ്ട്, വാണിജ്യ കെട്ടിടങ്ങൾ, ആരാധനാലയങ്ങളെല്ലാം വെളളത്തിൽ മുങ്ങി. റോഡ് നവീകരിക്കുന്നതിലൂടെ പരമ്പരാഗതമായുളള ജലത്തിന്റെ ഒഴുക്ക് തന്നെ ഗതിമാറ്റപ്പെട്ടിരിക്കുകയാണ്. പഴയ എൻ.എച്ച് റോഡിലെ ഉയർന്ന ഭാഗമായ ജി.ജി.വി.എച്ച്.എസ് മെയിൻ ഗെയ്റ്റ്മുതൽ താഴ്ന്ന പ്രദേശമായ ബാങ്കു മാൾ വരെ റോഡ് നവീകരിക്കുന്നതിനായി 2 അടിയാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ താഴ്ന്ന ഭാഗമായ ബാങ്ക് മാൾ മുതൽ പഴ പാലം വരെ വടക്കു ഭാഗത്തെ ഒരിഞ്ചു പോലും റോഡ് ഉയർത്തിയിട്ടില്ല. അശാസ്ത്രീയമായി റോഡ് നവീകരണം വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നു ആരോപണം. റോഡ് നവീകരണത്തിനൊപ്പം ഡ്രൈനേജ് നിർമ്മാണവും പൂർത്തിയാക്കണമെന്നും അല്ലാത്ത പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി ഫറോക്ക് യൂണിറ്റ് കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈനേജ് നിർമ്മാണത്തിന് വ്യാപാരികൾ എതിരാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഭാരവാഹികളായ എം.മമ്മുണ്ണി, എ.അനൂപ്, കെ.അബ്ദുൽ നാസർ, എം.കെ അബൂബക്കർ, എം.അബ്ദുൽ നാസർ, പി.അനിഷാസ് എന്നിവർ പറഞ്ഞു.