വാട്സ്ആപ്പ് നമ്പ‌ർ 9400394497

കോഴിക്കോട്: പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കുടുക്കാൻ നഗരസഭ നടത്തുന്ന ശ്രമം വിജയത്തിലേക്ക്. മാലിന്യം തള്ളുന്നവരുടെ ചിത്രം വാട്സ്ആപ്പിലൂടെ സ്വീകരിക്കുകയും നടപടി ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയോട് ജനങ്ങളിൽ നിന്ന് വലിയ സഹകരണമാണ് ഉണ്ടാകുന്നത്. 300ഓളം പരാതി ഇതുവരെ ലഭിച്ചിട്ടുണ്ട്.

പരാതി ശരിയാണെങ്കിൽ അത് രജിസ്റ്റർ‌ ചെയ്ത് കൃത്യമായ നിയമ നടപടികൾ സ്വീകരിക്കും. നഗരസഭ മാലിന്യനിർമാർജനത്തിനായി തയ്യാറാക്കിയ 'പ്ലാസ്റ്റിക്ക് ഖര-ദ്രവ്യ-ഇ-മാലിന്യ പരിപാലന നിയമാവലി 2019ന്റെ അടിസ്ഥാനത്തിലാണ് നടപടി.

രജിസ്റ്റ‌ർ ചെയ്ത പരാതികൾ - 97

പരിഹരിച്ചത്- 85

പിഴ ചുമത്തിയത് 8

തുടർനടപടികൾ സ്വീകരിച്ചത്- 12

ഇതുവരെ ഈടാക്കിയ പിഴ- 34580 രൂപ

കർശന നടപടി, പാരിതോഷികം

2000 രൂപ മുതൽ 50,000 രൂപവരെ മാലിന്യം തള്ലുന്നവരിൽ നിന്ന് പിഴ ഈടാക്കും. മാലിന്യം പൊതു ഇടത്തിൽ തള്ളുക, കത്തിക്കുക, പ്ലാസ്റ്റിക് ബാഗുകൾ നൽകുക.നിരോധിത പ്ലാസ്റ്റ് ഉത്പന്നങ്ങൾ വിൽക്കുക എന്നിവയെല്ലാം നടപടിയ്ക്ക് കാരണമാകും. നിയമ ലംഘനങ്ങൾ വാട്സ് അപ്പിലൂടെ അറിയിക്കന്നവർക്ക് ഈടാക്കുന്ന പിഴയുടെ 15 ശതമാനം പാരിതോഷികം നൽകാനാണ് തീരുമാനം. എന്നാൽ ഇതിന് സർക്കാർ അനുമതി ലഭിക്കേണ്ടതുണ്ട്. ഫോട്ടോയും വീഡിയോയും കോർപ്പറേഷൻ സെക്രട്ടറിയുടെ പേരിലുള്ള ഈ നമ്പറിലേക്ക് അയയ്ക്കാം. പരാതി നൽകിയ ആളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വെക്കുമെന്ന ഉറപ്പ് കോർപ്പറേഷൻ നൽകുന്നുണ്ട്.

മാലിന്യം കുറയുന്നില്ല

നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും റോഡരികിലും മറ്റും മാലിന്യങ്ങൾ കൂട്ടിയിടുന്നതിന് കാര്യമായ കുറവ് നഗരത്തിൽ വിന്നിട്ടില്ല. പല പ്രധാന റോഡുകളും ഇപ്പോഴും മാലിന്യത്തിന്റെ പിടിയിലാണ്. മാലിന്യ പ്രശ്നത്തിന് തടയിടാൻ റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ല സംഘടനകളുടെ സഹകരണം ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്.

നഗരസഭയുടെ പരിധിയ്ക്ക് പുറത്തു നിന്നും നിരവധി പരാതികളും ഫോട്ടോകളും വീഡിയോകളും വരുന്നുണ്ട്. ഇത് ഏകീരിക്കാൻ ജില്ലാ തലത്തിൽ തന്നെ സംവിധാനം ഉണ്ടാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്.