നാദാപുരം: സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി തികച്ചും വേറിട്ട വഴിയിൽ ധനസമാഹരണം നടത്തി സുരക്ഷ നാദാപുരം മേഖല മാതൃകയാവുന്നു. നാദാപുരം മേഖലയിലുള്ള കിടപ്പു രോഗികളുടെ പരിചരണങ്ങൾക്കായി ഒരു വർഷത്തേക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ വീടുകളിൽ നിന്ന് പാഴ് വസ്തുക്കൾ സമാഹരിച്ച് വിപണനം ചെയ്യുകയെന്ന വ്യത്യസ്ത മാർഗമാണ് സുരക്ഷയുടെ പ്രവർത്തകർ അവലംബിച്ചത്. ഒരു ദിവസം കൊണ്ട് ഒരു ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. നവംബർ 24 ന് രാവിലെ 9 മണി മുതൽ 86 സ്ക്വാഡുകളിലായി 463 പ്രവർത്തകർ മേഖലയിലെ വീടുകളും കച്ചവട സ്ഥാപനങ്ങളും കയറിയിറങ്ങി. പഴയ ഇരുമ്പ് സാധനങ്ങൾ, മറ്റു ലോഹങ്ങൾ, പത്രം, പുസ്തകങ്ങൾ, കേടായ ഉപകരണങ്ങൾ, പൊട്ടിയ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയെല്ലാം ശേഖരിച്ച് വിപണനം ചെയ്തപ്പോൾ നേടിയത് ലക്ഷ്യം വച്ചതിനേക്കാൾ വലിയ സംഖ്യ. വെറും ആറു മണിക്കൂർ കൊണ്ട് ഒന്നര ലക്ഷത്തിലധികം രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. പാഴ് വസ്തു സമാഹരണത്തിനു മുന്നോടിയായി, മനസ്സൊരുക്കം എന്ന നിലയിൽ 15 കേന്ദ്രങ്ങളിൽ കാരുണ്യ സംഗമങ്ങൾ നടന്നിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ കോഴിക്കോട് ഫാക്കൽറ്റി അംഗങ്ങൾ, ഐ.ആർ.പി.സി. കണ്ണൂർ ട്രെയിനർമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ഈ കാരുണ്യ സംഗമങ്ങൾ നാദാപുരത്തുകാരിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള അവബോധം സൃഷ്ടിക്കാൻ സഹായിച്ചു. കുടുംബശ്രീ യൂണിറ്റുകൾ, കലാസമിതികൾ, യുവജന സംഘടനകൾ തുടങ്ങിയവരുടെയെല്ലാം പങ്കാളിത്തവും സഹായവും പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നു. മേഖലയെ 15 കേന്ദ്രങ്ങളായി തിരിച്ച് ഓരോ കേന്ദ്രത്തിൽ നിന്നുംശേഖരിച്ചവ അതാത് കേന്ദ്രങ്ങളിൽ വെച്ച് തരം തിരിച്ച് വിപണനം നടത്തുകയായിരുന്നു. ഒരു ഗ്രാമ പഞ്ചായത്തിൻറെ പകുതി മാത്രം വരുന്ന ഭൂപ്രദേശത്തു നിന്നും പാഴ് വസ്തു സമാഹരണത്തിലൂടെ ഒന്നര ലക്ഷം രൂപ സമാഹരിക്കാനായതിൻറെ ആഹ്ലാദത്തിലാണ് സുരക്ഷയുടെ വളണ്ടിയർമാർ.