കോഴിക്കോട്: കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് 90 ശതമാനത്തിന് മുകളിൽ കൈവരിക്കുക എന്ന ലക്ഷ്യത്തോട നടപ്പാക്കുന്ന മിഷൻ ഇന്ദ്രധനുസ് ആരംഭിച്ചു.
കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സുപ്രണ്ട് ഡോ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് വയസ്സുവരെ പ്രായമുള്ള ഇത് വരെ കുത്തിവെപ്പ് എടുക്കാത്ത മുഴുവൻ കുട്ടികളെയും കുത്തിവെപ്പിന് വിധേയരാക്കുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
അഡിഷണൽ ഡി.എം.ഓ ഡോ ആശാദേവി, ആർ സി എച്ച് ഓഫീസർ ഡോ മോഹൻദാസ് ടി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സച്ചിൻ, ഡബ്ലു.എച്ച്.ഒ കൺസൾട്ടന്റ്മാരായ ഡോ അരുൺകുമാർ, ഡോ ശ്രീനാഥ്, മാസ് മീഡിയ ഓഫീസർമാരായ മണി എം.പി ,ഹംസ ഇസ്മാലി, എം.സി.എച്ച് ഓഫീസർ എം. ഗീത, ഡോ ശ്രീജിത്ത്, ഡോ ബബി എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലയിൽ 4369 കുട്ടികളും 885 ഗർഭിണികളെയുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിനായി 334 പ്രത്യേകം ഇമ്മ്യൂണൈസേഷൻ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വയനാട്, കോഴിക്കോട് ജില്ലകളാണ് മിഷൻ ഇന്ദ്രധനുസ് പരിപാടിയ്ക്കായി ഈ വർഷം തിരഞ്ഞെടുത്തത്. 2019 ഡിസംബർ മുതൽ 2020 മാർച്ച് വരെയുള്ള മാസങ്ങളിലാണ് പരിപാടി നടക്കുക. ഓരോ മാസങ്ങളിലെയും ആദ്യ തിങ്കളാഴ്ച മുതൽ ഏഴു പ്രവൃത്തി ദിനങ്ങളിലാണ് മിഷൻ ഇന്ദ്രധനുസ് പരിപാടി നടപ്പിലാക്കുന്നത്.