കോഴിക്കോട്: നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന തീരദേശ സൈക്കിൾ യാത്രക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി. എക്‌സൈസ് വകുപ്പിന്റെ കീഴിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന 90 ദിന തീവ്ര ബോധവത്ക്കരണ പരിപാടിയുടെ പ്രചരണാർത്ഥമാണ് പരിപാടി . ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ സ്വീകരണത്തിൽ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് കോഴിക്കോട് ജില്ലാ മിഷൻ ഒരുക്കിയ മെഗാ റാലിയുടെ സമാപനവും കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കൈ പിടിയിലൊതുങ്ങി പോകുന്ന യുവതലമുറയെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ബാബു പറശേരി പറഞ്ഞു.

ലഹരി മുക്ത ജില്ലയായി കോഴിക്കോടിനെ മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് കലക്ടർ എസ് സാംബശിവറാവു പറഞ്ഞു.

ജില്ലയിൽ പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി ക്വിക്ക് റസ്പോൺസ് ടീം ഉണ്ടാക്കും. ഒരു ഹെൽപ്പ് ലൈനും സ്‌കൂളുകൾ കേന്ദ്രമാക്കി ഒരു നോഡൽ ഓഫീസറും ഉണ്ടാകും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ ഉടനടി നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേർന്ന് ഡി അഡിക്ഷൻ സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും കലക്ടർ പറഞ്ഞു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി ആർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

വിമുക്തി മിഷൻ മാനേജർ ജയപ്രകാശ്, അസിസ്റ്റന്റ് കമ്മിഷണർ പ്രേംകൃഷ്ണ, എക്‌സൈസ് ഇൻസ്‌പെക്ടർ ഗിരീഷ്, ഗ്രീൻ കെയർ മിഷൻ ചെയർമാൻ കെ ടി എ നാസർ, ഭാരത് സ്‌കൗട്ട് ഓർഗനൈസിംഗ് കമ്മിഷണർ സൈഫുദ്ധീൻ കെഎം, ജില്ലാ സെക്രട്ടറി ബിജു എ പി, ഷീല ജോസഫ്, അബ്ദുൽ അസീസ്, സാജിദ് ചോല തുടങ്ങിയവർ സംബന്ധിച്ചു.