സംസ്ഥാനത്ത് ആദ്യമായി കായികമേഖലക്ക് സൊസൈറ്റി
കോഴിക്കോട്: കായിക രംഗത്തെ ഉന്നമനം ലക്ഷ്യമിട്ട് കായികപ്രതിഭകളുടെ നേതൃത്വത്തിൽ കിഡ്കോ എന്ന പേരിൽ സഹകരണ സൊസൈറ്റി നിലവിൽവന്നു.
സംസ്ഥാനത്തെ കായിക രംഗത്തിന്റെ അടിസ്ഥാന വികസനത്തിന് വേഗം പകരുകയാണ് സംഘത്തിന്റെ ലക്ഷ്യം. പരമാവധി ചെലവ് ചുരുക്കിയും സാങ്കേതികമായി മികവാർന്ന രീതിയിലും കായികഅടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക, കായിക ഉപകരണങ്ങൾ വളരെ മിതമായ നിരക്കിൽ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കോഴിക്കോട് സ്പോർട്സ് ഇൻഫ്രാസ്റ്റെക്ചർ ഡവലപ്പ്മെൻറ് ആൻഡ് സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കിഡ്കോ)യ്ക്ക് രൂപം നൽകിയത്.
സൗകര്യങ്ങൾ ഒരുക്കുന്നതിന് ഭീമമായ തുകയാണ് നൽകേണ്ടി വരുന്നത്. ഈസാഹചര്യത്തിലാണ് സഹകരണ പ്രസ്ഥാനമെന്ന നിലയിൽ കായികമേഖലയ്ക്ക് പുത്തനുണർവേകാൻ കിഡ്കോ എത്തുന്നത്. സ്‌കൂളുകൾ, കോളേജുകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി സർവരംഗത്തും കായികമേഖലയുമായി ബന്ധപ്പെട്ടുള്ള നിർമിതിയ്ക്ക് കിഡ്കോ സഹായകമാവും. സ്വകാര്യ ഏജൻസികളെ അപേക്ഷിച്ച് നിർമാണ ചെലവിന്റെ മൂന്നിലൊന്ന് കുറയ്ക്കാനാകുമെന്ന് സംഘാടകർ പറഞ്ഞു.
വർഷങ്ങളോളം കോഴിക്കോട് ജില്ലാ സ്‌പോട്‌സ് കൗൺസിലിന്റെ അമരക്കാരനായിരുന്ന മുൻ സംസ്ഥാന ടേബിൾ ടെന്നീസ് താരം കെ.ജെ.മത്തായി പ്രസിഡന്റായ കിഡ്‌കോ ഡയറക്ടർ ബോർഡിൽ മുൻ സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, കായിക സംഘാടകർ, മുൻ കായികതാരങ്ങൾ, കായിക അദ്ധ്യാപകർ, കായിക അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അംഗങ്ങളാണ്.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തനം തുടങ്ങിയ കിഡ്‌കോയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്തദിവസം നടക്കും. സൊസൈറ്റി രൂപീകരിച്ചപ്പോൾതന്നെ ഒരുകോടിയിലധികം രൂപയുടെ നിർമാണപ്രവർത്തികൾക്ക് ഓർഡർ ലഭിച്ചുകഴിഞ്ഞു. എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, സ്‌പോട്‌സ് കൗൺസിൽ ഫണ്ട്, മറ്റ് സർക്കാർ ഫണ്ടുകൾ എന്നിവ വഴിയുള്ള കായിക നിർമാണപ്രവർത്തികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കായികപ്രവർത്തികൾ എന്നിവ പരമാവധി കുറഞ്ഞനിരക്കിൽ അന്താരാഷ്ട്ര നിലവാരത്തോടെ പൂർത്തിയാക്കാനാവുമെന്ന് പ്രസിഡൻറ് അറിയിച്ചു. www.kidcokozhikode.com എന്ന വെബ്‌സൈറ്റ് പ്രവർത്തനമാരംഭിച്ചു
സാങ്കേതിക തികവോടെ
സ്വിമ്മിംഗ്പൂൾ, ഫുട്ബോൾ സ്റ്റേഡിയം, ബാസ്‌ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഇൻഡോർകോർട്ട് , ഔട്ട്‌ഡോർ -ഇൻഡോർ ജിംനേഷ്യം എന്നിവയുടെ നിർമാണത്തിന് മുൻഗണന.
അത്യാധുനിക സാങ്കേതിക വിദ്യകളോടു കൂടിയാണ് കിഡ്കോയുടെ നിർമാണ രീതി. എൻഐടിയിൽ നിന്നുള്ള വിദഗ്ധരനും ഡോക്ടർമാരും മറ്റും ഉൾപ്പെടുന്ന സംഘം വിശദമായ റിപ്പോർട്ട് തയാറാക്കി ഓരോ കായിക ഇനത്തിനും ആവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള കളിസ്ഥലങ്ങളും വ്യായാമ സ്ഥലങ്ങളുമാണ് ഒരുക്കുന്നത്. ബാസ്‌ക്കറ്റ് ബോൾ കോർട്ട് നിലവിൽ നിർമിച്ചുകൊണ്ടിരിക്കുന്ന കോൺക്രീറ്റ് പ്രതലത്തിൽ നിന്ന് വ്യത്യസ്തമായി കളിക്കാർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തരാഷ്ട്ര നിലവാരത്തോടെയാണ് കിഡ്‌കോ നിർമിക്കുക.