ബാലുശ്ശേരി: ബാലുശ്ശേരി ബാപ്പുജി സ്മാരക ട്രസ്റ്റിന്റെ രണ്ടാമത് മഹാത്മ പുരസ്കാരം ശ്രീധരൻ പൊയിലിന് ഇന്ന് സമ്മാനിക്കും. ശ്രീധരന്റെ 45 വർഷത്തെ നിസ്വാർത്ഥ സേവനമാണ് അവാർഡിന് പരിഗണിക്കാൻ കാരണം. അസുഖം ബാധിച്ച് കിടപ്പിലായവർക്ക് ഡോക്ടറും നഴ്സും സഹോദരനു

മൊക്കെയാണ് അദ്ദേഹം. കുടുംബാംഗങ്ങൾ പോലും കയ്യൊഴിയുന്നവർക്കും മറ്റു പരിചാരകർ ഇല്ലാത്തവർക്കും വിളിച്ചാൽ വിളിപ്പുറത്തുണ്ടാവും എന്നതാണ് ശ്രീധരൻ പൊയിൽ എന്ന

അറുപത്തിയഞ്ചുകാരൻെറ പ്രത്യേകത.

പനങ്ങാട് നോർത്ത് ആസ്ഥാനമായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനായി പ്രവർത്തിച്ചു വരികയാണ് ശ്രീധരൻ. ബാപ്പുജി സ്മാരക ട്രസ്റ്റിന്റെ മഹാത്മ പുരസ്കാരം തന്നെ തേടിയെത്തിയതിൽ ഏറെ സന്തോഷത്തിലാണ് അദ്ദേഹം.

പതിനേഴ് വർഷക്കാലം എക്സൈസ് വകുപ്പിൽ ജോലി ചെയ്ത ശ്രീധരൻ പ്രിവന്റീവ് ഓഫീസറായിട്ടാണ് വിരമിച്ചത്. സർവ്വീസിലുള്ള കാലത്തും അതിനു ശേഷവും ജീവകാരുണ്യ പ്രവർത്തനം നടത്താൻ ഒരു തടസ്സവുമുണ്ടായിരുന്നില്ല.

അഴുകിയതും പൊള്ളലേറ്റതുമായ അനേകം രോഗികളുടെ ശരീരത്തിൽ വീട്ടിൽ പോയി പരിചരിച്ചിട്ടുണ്ട്. ഇങ്ങനെ നൂറിലധികം പേർക്ക് വീട്ടിലെത്തി ശുശ്രൂഷ നല്കിയിട്ടുണ്ടെങ്കിലും ഇന്നേ വരെ ഇതിന്നായി പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നു മാത്രമല്ല പലപ്പോഴും സ്വന്തം പോക്കറ്റിലെ പണം പാവപ്പെട്ടവർക്ക് വേണ്ടി ചെലവഴിക്കാൻ ഒരു മടിയും അദ്ദേഹം കാട്ടിയിരുന്നില്ല.

തന്റെ കുട്ടിക്കാലത്ത് ചലനമില്ലാതെ കിടപ്പിലായ അച്ഛന്റെ ശരീരം പൊട്ടിയുണ്ടായ മുറിവുകളിൽ മരുന്നു വെച്ച് കെട്ടി മൂന്നര വർഷക്കാലം ശുശ്രൂഷിച്ച അനുഭവമാണ് കാരണ്യ പ്രവർത്തനത്തിലേക്ക് നയിച്ചത്. കൂടാതെ നൂറ് കണക്കിന് ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നല്കുകയും ജില്ലയിൽ ആദ്യമായി മൊബൈൽ ചൂള സംവിധാനം കൊണ്ടുവന്നതും ഇദ്ദേഹമായിരുന്നു. മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇരുനില കെട്ടിടത്തിന്റെ അവസാനഘട്ട പ്രവൃത്തി പൂർത്തികരിക്കേണ്ട തിരക്കിലാണിപ്പോൾ ശ്രീധരൻ. പുഴ സംരക്ഷണ സമിതിയുടെ ചെയർമാൻ കൂടായായ ശ്രീധരൻ പൊയിലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ന് രാവിലെ 10.30 ന് ഗോകുലം കോളേജിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ കല്പറ്റ നാരായണൻ ശ്രീധരൻ പൊയിലിന് പുരസ്കാരം സമർപ്പിക്കും. പതിനായിരത്തി ഒന്ന് രൂപയും മഹാത്മജിയുടെ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.