കൽപ്പറ്റ: സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ ഇടത്പക്ഷത്തെയും സി.പി.എമ്മിനെയും തകർക്കുക എന്ന ഗൂഡലക്ഷ്യമാണെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പി ഗഗാറിനെതിരെ നൽകിയ പരാതിയിലും ആരോപണത്തിലും വാസ്തവമില്ലെന്ന് എൽഡിഎഫിനും സിപിഎമ്മിനും ബോധ്യമുണ്ട്. വ്യാജ പരാതിയുടെ മറ പിടിച്ച് യുഡിഎഫ് ഉൾപ്പടെയുള്ള ചില രാഷ്ട്രീയ കേന്ദ്രങ്ങൾ മുതലെടുപ്പിന് വേണ്ടി പ്രചരണങ്ങൾ നടത്തുകയാണ്.
യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉപയോഗപ്പെടുത്തി വാർത്തകൾ സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങളെയും, സോഷ്യൽമീഡിയയെയും ഉപയോഗപ്പെടുത്തി യുഡിഎഫ് ഉൾപ്പടെയുള്ള ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നത്.

പരാതി ഉയർന്നുവന്നപ്പോൾ തന്നെ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും, ഒന്നും മറച്ചു വെക്കാനില്ലെന്നും സിപി എം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പരാതിയെ സംബന്ധിച്ചും അതിനുപിന്നിലുള്ള ഗൂഡാലോചനയെ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണം. വ്യാജ പരാതിയെപോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനുള്ള ശ്രമം അവസാനിപ്പിക്കാൻ യുഡിഎഫ് തയ്യാറാകണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. സി കെ ശശീന്ദ്രൻ എംഎൽഎ, പി ഗഗാറിൻ, വിജയൻ ചെറുകര, സി എം ശിവരാമൻ, വി പി വർക്കി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.