കൽപ്പറ്റ: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ലോകവീക്ഷണവും മതേതര ജനാധിപത്യ നിലപാടുകളും ഇന്ത്യയിലെ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ചതായി മുൻകേന്ദമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ പറഞ്ഞു. നെഹ്റുവും ഗാന്ധിജി
യും രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ടപ്പോൾ മോദിയും കൂട്ടരും ജനങ്ങളെ രണ്ടായി കാണുകയാണ്. സർവമതങ്ങളെയും ആശയധാരകളെയും കൂട്ടിയിണക്കിയാണ് നെഹ്റു ഇന്ത്യയെ മുന്നോട്ടുനയിച്ചത്. എല്ലാ മതങ്ങളെയും അദ്ദേഹം ബഹുമാനിച്ചു. എല്ലാവരെയും തുല്യരായി കണ്ടു. ദീർഘവീക്ഷണത്തോടെയുള്ള ഈ കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുകയാണ് ഇപ്പോഴത്തെ ഭരണാധികാരികൾ ചെയ്യുന്നത്.
ഇന്ത്യയിൽ പല സംസ്‌ക്കാരങ്ങൾ നിലവിലുണ്ട്. അവയെല്ലാം സംരക്ഷിച്ചുകൊണ്ടാണ് നിലനിൽക്കേണ്ടത്. കാശ്മീർ ഗുജറാത്തിനേക്കാൾ വിദ്യാഭ്യാസമുള്ള നാടാണ്. കശ്മീരികളോട് കേന്ദ്രസർക്കാർ ചെയ്യുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഫോസ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം ഐ ഷാനവാസ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വവും, ജനാധിപത്യവും സംരക്ഷിക്കുവാനുള്ള പോരാട്ടത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്ത്വത്വമായിരുന്നു ഷാനവാസെന്ന് അദ്ദേഹം പറഞ്ഞു.
ഫോസ വയനാട് ചാപ്റ്റർ പ്രസിഡന്റ് പി രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സി കെ ശശീന്ദ്രൻ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ സി ബാലകൃഷ്ണൻ എം എൽ എ, ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിതാ ജഗദീഷ്, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഇമ്പിച്ചിക്കോയ, എ പി കുഞ്ഞാമു, ഫോസ ജോയിന്റ് സെക്രട്ടറി പ്രൊഫ. റഹീം എന്നിവർ സംസാരിച്ചു. മോയൻ കടവൻ
രാഹുൽഗാന്ധി എം പിയുടെ സന്ദേശം വായിച്ചു. അഡ്വ. എം സി എം ജമാൽ സ്വാഗതവും, ട്രഷറർ വി സി സത്യൻ നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ 06,07
ഫോസയുടെ നേതൃത്വത്തിൽ നടന്ന എം ഐ ഷാനവാസ് അനുസ്മരണ സമ്മേളനത്തിൽ മണിശങ്കർ അയ്യർ പ്രഭാഷണം നടത്തുന്നു