സുൽത്താൻ ബത്തേരി: വയനാട്ടിൽ കാർഷിക നാണ്യ വിളകളുടെ വിളവെടുപ്പ് സീസൺ തുടങ്ങിയെങ്കിലും വിളകൾ ശേഖരിക്കുന്നതിനായി കുട്ടയും വട്ടിയും ആരും വാങ്ങുന്നില്ല. പരമ്പരാഗത രീതിയിലുള്ള കുട്ടയ്ക്ക് പകരം പ്ലാസ്റ്റിക് കുട്ടകൾ സ്ഥാനം കയ്യടക്കിയതോടെയാണ് കുട്ടയും വട്ടിയും ആർക്കും വേണ്ടാതായത്.
മുളയും ഈറ്റയും ചൂരലും കൊണ്ടുള്ള കുട്ടകളും വട്ടിയുമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്.
കാപ്പി പറിക്കുന്നതിനും, നെല്ല് എടുക്കുന്നതിനുമെല്ലാം മുളയുടെയോ ഈറ്റയുടെയോ കുട്ടകളും വട്ടികളുമാണ് ഉപയോഗിച്ചിരുന്നത്. ഈറ്റ കൊണ്ടുള്ള കൊമ്മയിലായിരുന്നു നെല്ല് സൂക്ഷിച്ചിരുന്നത്. വിത്തിനുള്ളതും ഭക്ഷണത്തിനുമുള്ള നെല്ല് കൊമ്മയിൽ സൂക്ഷിക്കും. മുളകൊണ്ടുള്ള കുട്ടയിലും വട്ടിയിലും കൊമ്മയിൽ സൂക്ഷിക്കുന്ന ധാന്യങ്ങൾ നശിക്കുകയില്ല. ഇന്ന് നെല്ല് സൂക്ഷിക്കുന്ന കൊമ്മ എവിടെയും കാൺമാനില്ല. കാപ്പിയും കുരുമുളകും നെല്ലുമെല്ലാം വിളയുന്നതോടെ ആദ്യം കർഷകർ ചെയ്യുക ഇവ ശേഖരിക്കുന്ന കുട്ടയും മറ്റും സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ മുളയുടെ സ്ഥാനവും പ്ലാസ്റ്റിക് കയ്യടക്കി. പ്ലാസ്റ്റിക്കിന്റെ കനം കുറവും വിലക്കുറവും കൂടുതൽ സൗകര്യമായി.
കാപ്പി പറിക്കുന്നതിന് കോഫി ബോർഡ് കർഷകർക്ക് ഷീറ്റാണ് നൽകുന്നത്. കുട്ടയിലേക്ക് കാപ്പി പറിച്ച് ഇടുന്നതിനേക്കൾ വേഗത്തിൽ കാപ്പിച്ചെടിയുടെ ചുവട്ടിൽ ഷീറ്റ് വിരിച്ച് കാപ്പി വേഗം രണ്ട് കൈകൊണ്ടും പറിച്ചിടാം. കാപ്പിയാണെങ്കിൽ എല്ലാം ഷീറ്റിൽ കിടക്കുകയും ചെയ്യും.
കുട്ടനിർമ്മാണത്തിന് വേണ്ട അസംസ്‌കൃത വസ്തുവായ മുള ,ഈറ്റ,ചൂരൽ എന്നിവ കിട്ടാനില്ലാത്തതും ഈ മേഖലയെ പ്രതിസന്ധിയിലാക്കി. മുള കിട്ടാനില്ല. ഈറ്റയ്ക്ക് ഒന്നിന് അഞ്ച് രൂപവെച്ച് നൽകണം. ചൂരലിനാണങ്കിൽ അമിത വിലയും.
ഒരു ദിവസം കൊണ്ട് ഒരു കുട്ട നിർമ്മിക്കാനേ കഴിയൂ. പണിക്കൂലിയും അസംസ്‌കൃത സാധനങ്ങളുടെ വിലയുമായി തട്ടിച്ചുനോക്കുമ്പോൾ കുട്ടയ്ക്ക് പ്ലാസ്റ്റിക് കുട്ടയുടെ രണ്ട് ഇരട്ടി വില വരും.
ഇടുക്കി, കുമളി ഭാഗങ്ങളിൽ നിന്നുള്ള തമിഴ് വിഭാഗക്കാരാണ് കുട്ടയും വട്ടിയും ഉണ്ടാക്കാൻ ഇവിടെ എത്തിയിരുന്നത്. അഞ്ച് പതിറ്റാണ്ട് മുമ്പ് കുട്ട നിർമ്മാണത്തിന് ഇവിടെ എത്തിയവർ പോലും ഇന്ന് ഇവരുടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിച്ച് കെട്ടിട നിർമ്മാണ രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്.
ഫോട്ടോ അടിക്കുറിപ്പ്
8120614- കുട്ട നിർമ്മിക്കുന്നു.
120558-കുട്ട