സുൽത്താൻ ബത്തേരി : ബത്തേരി സർവ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീൻ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കാരണം പൂട്ടിയിട്ട യു.പി ക്ലാസുകൾ ഇന്നലെ തുറന്ന് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം 20-നായിരുന്നു ഷഹലയെ സ്‌കൂളിൽ വെച്ച് പാമ്പ് കടിച്ചത്.
ഇന്നലെ പുതിയ ക്ലാസ് മുറികളിലാണ് അഞ്ചും ആറും ഏഴും ക്ലാസ് മുറികൾ പ്രവർത്തിച്ചത്. ഷഹലയുടെ വിയോഗത്തെ തുടർന്ന് അഞ്ച് എ ഡിവിഷനിലെ കുട്ടികൾ ദുഖിതരായാണ് പുതിയ ക്ലാസ് മുറിയിലെക്ക് കടന്ന വന്നതെങ്കിലും പുതിയ അന്തരീക്ഷവുമായി അവർ പെട്ടന്ന് ഇഴകിചേർന്നു.

കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിനായി ചൂട്ട് എന്ന നാടൻ കലാകാരൻമാരുടെ സംഘടന നാടൻ പാട്ട് പാടി കേൾപ്പിക്കുകയും കുട്ടികളെകൂടി പങ്കാളികളാക്കികൊണ്ട് നാടൻ പാട്ട് അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ പഠനത്തിലും കളികളിലും മാനസികമായി സജ്ജരായി എന്ന് കണ്ടതോടെയാണ് പാട്ട് അവസാനിപ്പിച്ചത്. തുടർന്ന് ക്ലാസുകൾ ആരംഭിച്ചു.
സ്‌കൂളിന്റെ ഓഡിറ്റോറിയമാണ് നവീകരിച്ച് ക്ലാസ് മുറിയാക്കിയത്.നാല് ക്ലാസ് മുറികൾ ഓഡിറ്റോറിയത്തിലും രണ്ടെണ്ണം ഹയർസെക്കൻഡറി വിഭാഗത്തിലുമായാണ് യു.പി. ക്ലാസുകൾ പ്രവർത്തിക്കുന്നത്. ഷഹലയ്ക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറിയും കെട്ടിടവും പൊളിച്ചുമാറ്റുന്നതിനായി പൂട്ടിയിട്ടിരിക്കുകയാണ്.
സ്‌കൂളിന്റെ ഓഡിറ്റോറിയം ടൈൽപാകി കുട്ടികൾക്ക് പഠിക്കുന്നതിനായി ഏഴ് ലക്ഷം രൂപ ചെലവിൽ നവീകരിച്ച് നൽകിയത് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ജോർജ് മത്തായി നൂറനാൽ, ഡോ.ഐസക്ക് മത്തായി നൂറനാൽ,ഏബ്രാഹം മത്തായി നൂറനാൽ, ജോൺ മത്തായി നൂറനാൽ എന്നി സഹോദരങ്ങളാണ്.