സുൽത്താൻ ബത്തേരി: മാവേലി സ്റ്റോറുകളിൽ ആവശ്യ സാധനങ്ങൾ ഒന്നും തന്നെയില്ല. മാവേലി സ്റ്റോറിൽ സാധനങ്ങൾ എന്ന് എത്തുമെന്ന് ചോദിച്ചാൽ മാവേലി വരുന്നതുപോലെ എന്നാണ് മറുപടി.

രണ്ടാഴ്ചയായി സപ്ലൈകോവിന്റെ ഗോഡൗണുകളിൽ സാധനം എത്തിയിട്ട്. അവശ്യ സാധനങ്ങൾ ഒന്നും തന്നെ സ്റ്റോക്കില്ല. ഓപ്പൺ മാർക്കറ്റിൽ ദിവസേനയെന്നോണം സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പാണ് സാധാരണക്കാരുടെ ആശ്രയമായ മാവേലി സ്റ്റോറുകൾ കാലിയായികിടക്കുന്നത്. ജനങ്ങൾക്ക് നേരിയ വിലക്കുറവിൽ കിട്ടികൊണ്ടിരുന്ന അത്യാവശ്യ സാധനങ്ങൾ ഒന്നും തന്നെ സപ്ലൈകോയിൽ ഇല്ല.
പഞ്ചസാര, ചെറുപയർ, കടല, ഉഴുന്ന്, തുവരപരിപ്പ്,കടുക്, മല്ലി, മുളക്, ജീരകം, ഉലുവ, അരി, വെളിച്ചെണ്ണ തുടങ്ങി സബ്സിഡി ഇനത്തിൽ കിട്ടുന്ന സാധനങ്ങൾ ഒന്നും ഇല്ല. സപ്ലൈകോവിന്റെ കടകളിൽ അലമാരകൾ ഒഴിഞ്ഞുകിടക്കുകയാണ്. സാധനങ്ങൾ ഇനി എന്ന് വരുമെന്ന് ജീവനക്കാർക്കോ ഷോപ്പുകളിലെ മാനേജർമാർക്കോ അറിയില്ല. അരി, പഞ്ചസാര, മല്ലി ,മുളക്, വെളിച്ചെണ്ണ,പയർവർഗ്ഗങ്ങൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതലും ഇത് അന്വേഷിച്ച് നിരവധി പേരാണ് സപ്ലൈകോയിൽ എത്തുന്നത്.

സബ്സിഡിയുള്ള സാധനങ്ങൾക്ക് ചിലപ്പോൾ സ്റ്റോക്ക് കുറവ് സംഭവിക്കാറുണ്ടെങ്കിലും സബ്സ്ഡി ഇല്ലാത്ത സാധനങ്ങൾ ഇല്ലാതെ വരാറില്ല. എന്നാൽ ഇപ്പോൾ സബ്സിഡി ഉള്ളവയും ഇല്ല ഇല്ലാത്തവയും ഇല്ല.


ഫോട്ടോ അടിക്കുറിപ്പ്
183130-സാധനങ്ങൾ ഒന്നും ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബത്തേരിയിലെ സപ്ലൈകോ പീപ്പിൾ ബസാർ