കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പൊറളി കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വിതരണത്തിലെ അപാകത ഒഴിവാക്കാൻ വാട്ടർ മീറ്റർ ഘടിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവായി. ജോർജ്ജ് ജോസഫിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഗുണഭോക്താക്കൾ സമർപ്പിച്ച പരാതിയിലാണിത്.
പഞ്ചായത്തിലെ ഒന്നും പന്ത്രണ്ടും വാർഡുകളിലായുള്ള പദ്ധതി 2004 ലാണ് ആരംഭിച്ചത്. നിലവിൽ നൂറ് ഗുണഭോക്താക്കളുണ്ട്. ശരാശരി ഒരു കുടുംബത്തിന് 250 ലിറ്റർ വെളളം നൽകുമ്പോൾ ചിലർക്ക് മാത്രം കൂടുതൽ വെള്ളം ലഭിക്കുന്നുണ്ടെന്നായിരുന്നു പരാതി. ഇത് പരിഹരിക്കാൻ രണ്ടു മാസത്തിനകം വാട്ടർമീറ്റർ ഘടിപ്പിക്കാനാണ് നിർദ്ദേശം. പരാതിയ്ക്ക് ഇടയാകാത്ത വിധത്തിൽ ഗുണഭോക്തൃസമിതി വിതരണം ഉറപ്പാക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മിഷൻ നിർദ്ദേശം നൽകി.