കോഴിക്കോട്: ബാലസൗഹൃദ ജില്ലയെന്ന ലക്ഷ്യം വെച്ചുള്ള കരട് കർമ്മപദ്ധതിയ്ക്ക് അന്തിമരൂപം നൽകാൻ ജില്ലാ ആസൂത്രണസമിതി യോഗത്തിൽ തീരുമാനമായി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനെന്ന പോലെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഉറപ്പാക്കേണ്ട സേവനങ്ങൾക്കും ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് കർമ്മപദ്ധതിയിലുണ്ടാവുക.
ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥരായ വി.ഇ.ഒ മാരുടെ യോഗം ഡിസംബർ ഏഴിന് ചേരും. എൽ.എസ്.ജി.ഡി എക്സിക്യുട്ടിവ് എൻജിനിയറുടെ നേതൃത്വത്തിൽ അസി. എൻജിനിയർമാരുടെ യോഗവും വിളിക്കും.
ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാൾ നവീകരിക്കും. അഞ്ഞൂറോളം പേർക്കിരിക്കാവുന്ന ഹാൾ നവീകരിക്കുന്നതിന് പൊതുമരാമത്ത് അസി. എക്സിക്യുട്ടിവ് എൻജിനിയർ 32. 60 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. എൽ.സി.ഡി പ്രൊജക്ടറുകൾ, സ്‌ക്രീനുകൾ, ടി വി കൾ എന്നിവയാണ് എസ്റ്റിമേറ്റിലുള്ളത്. ഇതിനാവശ്യമായ ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായി കണ്ടെത്തും.
ജില്ലാ ആസൂത്രണസമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.