vijayan
വിജയൻ

പുൽപ്പള്ളി : കോളറാട്ട്കുന്ന് പൈക്കമൂല കോളനിയിലെ വിജയന്റെ (45) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞയാഴ്ച വിജയനെ കോളനിയിലെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

വിജയന്റെ ബന്ധു പൈക്കമൂല കോളനിയിലെ ഗോപിയെ (37) കേണിച്ചിറ എസ് ഐ സി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തു. നവംബർ 28 നാണ് സംഭവം. പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് മുറിവേറ്റതാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്ത് രക്തം കട്ട പിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മദ്യലഹരിയിൽ വിജയനും ഗോപിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഗോപി കല്ലുകൊണ്ട് വിജയന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

സംഭവസമയം വിജയന്റെ ഭാര്യയടക്കമുള്ളവർ കോളനിയിൽ ഉണ്ടായിരുന്നെങ്കിലും ആരുമൊന്നും അറിഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം വിജയൻ മർദിച്ചതായി ആരോപിച്ച് ഗോപി ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ വിജയൻ മുറ്റത്ത് കിടന്ന് മരിക്കുകയുമായിരുന്നു. ഗോപിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേണിച്ചിറ എസ്.ഐ സി.ഷൈജു, എഎസ്‌ഐ ഏലിയാസ്, സിപിഒ ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.