കോഴിക്കോട് : മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ജന്തുശാസ്ത്ര വിഭാഗം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ത്രിദിന ശാസ്‌ത്ര സാങ്കേതിക വിദ്യാഭ്യാസ പ്രദർശനത്തിന് (ക്വസ്റ്റ് 2019) ഇന്ന് തുടക്കമാവും. രാവിലെ 11 ന് പ്ലാനറ്റേറിയം ഡയറക്ടർ ഡോ. മനാഷ് ബാഗ്ചി ഉദ്ഘാടനം നിർവഹിക്കും.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കൽ കോളേജ്, പൂക്കോട് വെറ്ററിനറി കോളേജ്, പിച്ചി കേരള വന ഗവേഷണ കേന്ദ്രം, കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണകേന്ദ്രം, കോഴിക്കോട് പ്ലാനറ്റേറിയം, പാലക്കാട് ഐ.ആർ.ടി.സി, വനം വകുപ്പ്, ജലവിഭവ വിനിയോഗ ഗവേഷണ കേന്ദ്രം, ഫയർ ഫോഴ്സ് എന്നിവയുടേതടക്കം ഇരുപതിലേറെ സ്റ്റാളുകളുണ്ടാവും.

കാസർകോട് കേന്ദ്ര സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ സ്റ്റാളിൽ അത്യപൂർവ ഫോസിലുകളുടെ പ്രദർശനമുണ്ടാവും. വിവിധ അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ, വിദേശത്തു നിന്നുള്ള ഓമന മൃഗങ്ങൾ തുടങ്ങിയവ അക്വാ-പെറ്റ് ഷോയുടെ സവിശേഷതയായിരിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശന സമയം.