സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജാക്കി ഉയർത്തുക, വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുക, താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുക, ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കുക, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക,ബത്തേരിക്ക് മൊബൈൽ ഐ.സി.യു അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ത്രിദിന ഉപവാസം ആരംഭിച്ചു. ഉപവാസ സമരം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കർ ഉദ്ഘാടനം ചെയ്തു.

സർവ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായ ഷഹല ഷെറീൻ ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയായത് മതിയായ ചികിൽസാ സൗകര്യം ബത്തേരി താലൂക്ക് ആശുപത്രിയിൽ ഇല്ലാത്തതിനാലാണ്. മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് ബത്തേരി . അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ചികിൽസതേടി എത്തുന്നത്. ഇവിടെ എത്തുന്ന രോഗികൾക്ക് വേണ്ട ചികിൽസ നൽകാൻ കഴിയാതെ രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്.
അതിനാൽ ബത്തേരി താലൂക്ക് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയാക്കി ഉയർത്തി ചികിൽസ സൗകര്യം ഉറപ്പ് വരുത്തണമെന്ന് ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചവർ ആവശ്യപ്പെട്ടു.
ബി.ജെ.പി.നിയോജകമണ്ഡലം പ്രസിഡന്റ് പി.എം.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കൂട്ടാറ ദാമോദരൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ബി.മദൻലാൽ,ജില്ല വൈസ് പ്രസിഡന്റുമാരായ വി.മോഹനൻ, കെ.എ.പൊന്നു, ജില്ലാ സെക്രട്ടറിമാരായ കെ.പി.മധു,,രാധാ സുരേഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ,നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ.പ്രേമാനന്ദൻ, കെ.സി.കൃഷ്ണൻകുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് പി.ആർ.ലക്ഷ്മണൻ, സെക്രട്ടറി സി.ആർ.ഷാജി, ട്രഷറർ പി.എ.കുട്ടികൃഷ്ണൻ, കർഷക മോർച്ച സംസ്ഥാന സമിതി അംഗം പി.കെ.മാധവൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ

9858- ബി.ജെ.പി. ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തുന്ന ത്രിദിന ഉപവാസ സമരം ജില്ലാ പ്രസിഡന്റ് സജിശങ്കർ ഉദ്ഘാടനം ചെയ്യുന്നു