പേരാമ്പ്ര: ചെങ്ങോടുമലയിൽ ക്വാറി കമ്പനി പൊളിച്ച കുടിവെള്ള ടാങ്ക് രണ്ടു മാസത്തിനകം നിർമ്മിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, ഈ ഭൂമിയിൽ പ്രവേശിക്കുന്നത് വിലക്കി കൊയിലാണ്ടി സബ് കോടതി ഉത്തരവ്. കമ്പനി സമർപ്പിച്ച ഹർജിയിൽ, കോട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോ അതല്ലെങ്കിൽ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ആളുകളോ തത്കാലത്തേക്ക് ഭൂമിയിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്.
കുടിവെള്ള പദ്ധതി ഗുണഭോക്താക്കളായ ചെങ്ങോടുമ്മൽ ചെക്കിണി, പി. സി. സുരേഷ് എന്നിവർ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി തീർപ്പാക്കിയാണ് രണ്ടു മാസത്തിനകം ടാങ്ക് നിർമ്മിക്കാൻ കോടതി നവംബർ ആദ്യം ഗ്രാമപഞ്ചായത്തിനോട് ഉത്തരവായത്. ഒരു മാസം കഴിഞ്ഞിട്ടും ഗ്രാമപഞ്ചായത്ത് ടാങ്ക് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടില്ലെന്നതാണ് കമ്പനിയ്ക്ക് ഇഞ്ചംഗ്ഷൻ ഉത്തരവ് ലഭിക്കാൻ ഇടയാക്കിയതെന്ന് നാലാം വാർഡ് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ കുമ്പറ്റപ്പെടുത്തി. സബ് കോടതി ഉത്തരവ് പിൻവലിപ്പിക്കാനുള്ള നടപടി കൈക്കൊണ്ട് എത്രയും പെട്ടെന്ന് ടാങ്ക് നിർമിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു.