കൽപ്പറ്റ: പ്രളയദുരിത ബാധിതർക്കുളള പതിനായിരം രൂപയുടെ അടിയന്തര ധനസഹായം കൽപ്പറ്റ നിയോജകമണ്ഡലത്തിൽ ലഭ്യമായവരുടെ ലിസ്റ്റ് (ഇന്ന്) ബുധനാഴ്ച മുതൽ അതത് പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ ലഭ്യമാകും. സി.കെ ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള എന്നിവരുടെ നേതൃത്വത്തിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പ്രളയാനന്തര പുനരധിവാസവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.

സഹായം ലഭ്യമായിട്ടില്ലെന്ന പരാതികളുമായി ദുരന്തബാധിതർ പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും എത്തമ്പോൾ കൃത്യമായ വിവരങ്ങൾ നൽകാൻ പ്രയാസപ്പെടുന്നതായി തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ പറഞ്ഞു. ഇതേ തുടർന്നാണ് താലൂക്ക് ഓഫീസറുടെ യൂസർ ഐഡിയിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ പഞ്ചായത്ത്,വില്ലേജ്തലത്തിൽ ക്രമീകരിച്ച് പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകിയത്.
പ്രളയബാധിതർക്കുളള സഹായം സർക്കാർ നേരിട്ട് വിതരണം ചെയ്യുന്നതിനാൽ ജില്ലാതലത്തിൽ വിവരങ്ങൾ ലഭ്യമാകുന്നതിന് പരിമിതിയുണ്ടെന്ന് ജില്ലാകളക്ടർ പറഞ്ഞു. ക്യാമ്പുകളിൽ കഴിഞ്ഞവർക്കുളള സഹായമാണ് നിലവിൽ വിതരണം ചെയ്യുന്നത്. ബന്ധുവീടുകളിൽ താമസിച്ചവരുടെയും വീട് പൂർണ്ണമായി തകർന്നവർക്കുമുളള ധനസഹായം അടുത്ത ആഴ്ച്ച മുതൽ തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു.

ക്യാമ്പിൽ താമസിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് പരാതിയുളളവരുടെ അപേക്ഷകൾ ഡിസംബർ 6 നകം പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസറുമടങ്ങുന്ന സമിതി പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകാനും തീരുമാനമായി.

വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കുളള ധനസഹായം ജില്ലാതലത്തിൽ നൽകാൻ സാധിക്കുമെന്ന് ജില്ലാകളക്ടർ പറഞ്ഞു. പത്തു ലക്ഷം രൂപയാണ് ഈ വിഭാഗത്തിന് നൽകുക. ഭൂമി സ്വയം കണ്ടെത്തി വാങ്ങാൻ തയ്യാറുളളവരുടെ കാര്യത്തിൽ പണം ഭൂവുടമയ്ക്ക് നേരിട്ട് കൈമാറും. ഭൂമി വാങ്ങുന്നതിന് നൽകുന്ന ആറ് ലക്ഷത്തിന് എത്ര സെന്റ് ഭൂമിയും വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങുന്ന ഭൂമി വാസയോഗ്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനായി നിയോഗിച്ച സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം വൈത്തിരി താലൂക്കിൽ 213 വീടുകൾ പൂർണ്ണമായി തകർന്നിട്ടുണ്ട്.

പ്രളയബാധിതർക്ക് സഹായ വാഗ്ദാനവുമായി എത്തുന്നവരെ ഏകോപിപ്പിക്കാൻ എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായ സമിതി രൂപീകരിക്കാനും തീരുമാനമായി. റീ ബിൽഡ് കൽപ്പറ്റ മണ്ഡലം എന്ന പേരിലാണ് സമിതി പ്രവർത്തിക്കുക.

എം.ഡി.എം തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവരും പങ്കെടുത്തു.