കൽപ്പറ്റ: ജില്ലയിലെ ബാങ്കുകൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 1990 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതിൽ 1457 കോടി രൂപയും മുൻഗണനാ വിഭാഗത്തിലാണ് നൽകിയത്. കാർഷിക വായ്പയായി 1528 കോടി രൂപ നൽകിയിട്ടുണ്ട്. കാർഷികേതര വായ്പയായി 133 കോടിയും മറ്റ് മുൻഗണനാ വിഭാഗത്തിൽ 241 കോടിയും ബാങ്കുകൾ അനുവദിച്ചു. ബാങ്കുകളുടെ മൊത്തം വായ്പ സെപ്തംബർ 30 ന് കഴിഞ്ഞ വർഷത്തെ 6284 കോടിയിൽ നിന്നും 12 ശതമാനം വർദ്ധിച്ച് 7061 കോടി രൂപയായി.
ഇക്കാലയളവിൽ നിക്ഷേപം 5287 കോടി രൂപയിൽ നിന്ന് 5751 കോടിയായി വർദ്ധിച്ചു. വിദേശ നിക്ഷേപം 852 കോടിയിൽ നിന്ന് 962 കോടിയായി ഉയർന്നു. 13 ശതമാനം വർദ്ധനവാണ് ഈ മേഖലയിലുണ്ടായത്. വായ്പ നിക്ഷേപാനുപാതം 123 ശതമാനമാണ്.
അവലോകനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ ഡോ.അദീല അബ്ദുളള അദ്ധ്യക്ഷത വഹിച്ചു. പട്ടിക ജാതി/പട്ടിക വർഗ്ഗക്കാർക്ക് ബാങ്ക് വായ്പകളിൽ കൂടുതൽ പ്രാധാന്യം നൽകണമെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗത വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാകണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
നബാർഡ് പൊട്ടൻഷ്യൽ ലിങ്ക് ക്രെഡിറ്റ് പ്ലാൻ ജില്ലാ കളക്ടർ അദീല അബ്ദുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നൽകി പ്രകാശനം ചെയ്തു. കനറാ ബാങ്ക് കോഴിക്കോട് മേഖലാ അസിസ്റ്റന്റ് ജനറൽ മാനേജർ മോഹനൻ കോറോത്ത്, ആർ.ബി.ഐ ലീഡ് ഡിസ്ട്രിക് ഓഫീസർ പി.ജി ഹരിദാസ്, ലീഡ് ഡിസ്ട്രിക് മാനേജർ ജി.വിനോദ്,നബാർഡ് ഡി.ഡി.എം വി.ജിഷ തുടങ്ങിയവർ സംസാരിച്ചു.