കുന്ദമംഗലം: കുന്ദമംഗലത്തെ ലോറിഗ്രാമം പഴങ്കഥയായി മാറുന്നു. വയനാട് റോഡ് ദേശീയപാതയിലുള്ള പതിമംഗലം, ചൂലാംവയൽ, മുറിയനാൽ പ്രദേശങ്ങളെ ലോറിഗ്രാമങ്ങളെന്നായിരുന്നു പൊതുവെ വിശേഷിപ്പിച്ചിരുന്നത്. ആയിരത്തിലധികം ലോറികളായിരുന്നു ഈ ചെറിയപ്രദേശത്ത് മാത്രമുണ്ടായിരുന്നത്. ജില്ലയിൽ ഇത്രയധികം ലോറികളും ലോറിത്തൊഴിലാളികളും മറ്റ് സ്ഥലങ്ങളിൽ ഉണ്ടായിരുന്നില്ല.
ഒരു ലോറിയോ ഒരു ഡ്രൈവറോ ഇല്ലാത്ത വീടുകൾ ഇവിടങ്ങളിൽ അപൂർവ്വമായിരുന്നു.മുറിയനാൽ മുതൽ പതിമംഗലം വരെ ഒരു കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയുടെ ഇരുവശത്തും നിർത്തിയിട്ടിരിക്കുന്ന അനേകം ലോറികൾ. ഒട്ടനവധി വർക് ഷോപ്പുകൾ. സ്പെയർപാട്സ് കടകൾ .എല്ലാം ഓർമ്മകളിലേക്ക് മാഞ്ഞു.
പുതിയ തലമുറ ലോറിവ്യവസായരംഗത്തേക്ക് വരാത്തതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമായി പറയുന്നത്. ലോറി അപകടങ്ങളെ തുടർന്ന് തീർത്തും അനാഥമായ ഒട്ടേറെ കുടുംബങ്ങളുണ്ടായിരുന്നു ഇവിടെ. അവരുടെ മക്കളൊന്നും പിന്നീട് ലോറി ഡ്രൈവറാകുവാൻ താൽപ്പര്യപ്പെട്ടില്ല. ചിലരൊക്കെ തൊഴിൽ തേടി വിദേശങ്ങളിലേക്ക് പോയി. മറ്റ് ചിലർ കൂലിപ്പണിയിലേക്ക് തിരിഞ്ഞു.
പണ്ടൊക്കെ പെരുന്നാളിന് ലോറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഗൾഫിൽന്ന് വരുന്നതിനേക്കാൾ സ്വീകരണമായിരുന്നു. അതൊക്കെ പഴങ്കഥ.ഇപ്പോൾ ലോറിഗ്രാമങ്ങളൊക്കെ ക്ഷയിച്ചു. ലോറികളുടെ ബോഡി വർക്സിന് പണ്ട് മരങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു.ഇപ്പോഴെല്ലാം ഇരുമ്പാണ്. അതുകൊണ്ട് ആശാരിമാർക്കും പണിയില്ലാതെയായി.
പണിക്കാരെ കിട്ടാനില്ലാത്തതാണ് ഈ രംഗത്തെ പ്രധാന പ്രശ്നം.പണ്ടൊക്കെ ലോറിയുടെ ഒരു ചെയ്സിസ് വന്നു കഴിഞ്ഞാൽ പത്ത് പതിനഞ്ച് ദിവസങ്ങൾ കൊണ്ട് ലോറി നിരത്തിലിറക്കാമായിരുന്നു. ഇപ്പോൾ പെയ്ന്റിംഗ് ഉൾപ്പെടെ ഒരു മാസമെടുക്കും. അത് തന്നെ തമിഴ്നാട്ടിൽ നിന്ന് പണിക്കാരെ കൊണ്ട് വരികയാണ്. ഈ ഫീൽഡിലേക്ക് പുതിയ തലമുറ വരുന്നേയില്ല.
ഡീസൽ വിലവർദ്ധനക്കനുസരിച്ച് വാടക കിട്ടാത്തതാണ് ലോറി വ്യവസായം തകരുവാനുള്ള ഒരു കാരണം.ലോറികൾക്കും വിലകൂടി. പ്രതാപകാലത്തുള്ള പണിയൊന്നും ഇപ്പോഴില്ല. മുമ്പൊക്കെ കൂടുതൽ പേർ തൊഴിലാളികളായുണ്ടായിരുന്നു.
# അരനൂറ്റാണ്ട് ലോറിയിൽ
"ഇരുപതാം വയസ്സിൽ വളയം പിടിച്ചു തുടങ്ങിയതാ ഞാൻ..സ്വന്തമായി ലോറിയുമുണ്ടായിരുന്നു.എല്ലാം പോയി. ഒക്കാത്തത് കൊണ്ടാണ് പിള്ളേര് ഇതിലേക്ക് വരാത്തത്.മൈസൂരിലൊക്കെ പോയി ലോഡ് ഇറക്കി വരണമെങ്കിൽ പത്ത് ദിവസം വേണ്ടിയിരുന്നു.കിട്ടുന്നത് തിന്നാനേ ഉണ്ടാവൂ.ലോറിയിൽ പോകുമ്പോൾ നേരത്തിന് ഭക്ഷണം കഴിക്കാനും കഴിയില്ല. ഇതിനേക്കാൾ നല്ലത് ചെത്തിത്തേപ്പിന്റെയോ പടവിന്റെയോ പണിക്ക് പോകുന്നതാ.നല്ല കൂലിയുംകിട്ടും റിസ്ക്കും ഇല്ല. ..."
- ഒ.കെ.ആലി (52 കൊല്ലം ലോറി ഡ്രൈവറായിരുന്ന 73 കാരൻ)
# സുരക്ഷിതത്വം ഇല്ല
"ഇപ്പോൾ മൂന്ന് പേരാണുള്ളത്.പണ്ടിവിടെ ഇഷ്ടംപോലെ വണ്ടികളുണ്ടായിരുന്നു. പണികുറഞ്ഞപ്പോൾ പല വർക്ക് ഷോപ്പുകകളും അടച്ചു. പുതിയ ലോറികളുടെ ചെയ്സിസുകൾ ഇപ്പോൾ അപൂർവ്വമായാണ് വരുന്നത്. സംഘടനകളൊക്കെ ഉണ്ടെങ്കിലും ജോലി സുരക്ഷിതത്വം ഞങ്ങൾക്കില്ല..."
- അശോകൻ. കെ.ടി ( 30 വർഷങ്ങളായി ലോറിഗ്രാമത്തിലെ വർക്ക് ഷോപ്പ് ഉടമ)
# ഇപ്പോൾ ഒറ്റലോറിക്കാർ
"സിംഗിൾ ലോറിക്കാർ കുറവാണിപ്പോൾ. നൂറ് ലോറികളൊക്കെയുള്ള വലിയ കമ്പനികളാണുള്ളത്.ഡ്രൈവർമാരിലധികവും ഗൾഫിലേക്ക് പോയി. ലോറിവ്യവസായം തകർന്നതോടെ പതിമംഗലത്തും പരിസരപ്രദേശങ്ങളിലുമുള്ള കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതിയും മോശമായിട്ടുണ്ട്.."
- എം.അസ്സയിൻമാസ്റ്റർ (ലോറിഗ്രാമം സ്വദേശി, റിട്ട.അദ്ധ്യാപകൻ)