കൽപ്പറ്റ: മട്ടന്നൂർ മാനന്തവാടി എയർപോർട്ട് കണക്ടിവിറ്റി റോഡിനു വേണ്ടി വ്യാപാരികളേയും സംരംഭകരേയും ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 9ന് രാവിലെ മണിക്ക് പ്രകടനവും സമരപ്രഖ്യാപന കൺവെൻഷനും നടത്തുമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
എയർപോർട്ട് കണക്ടിവിറ്റി റോഡ് അലൈൻമെന്റ് പ്രകാരം മാനന്തവാടി, കുഴിനിലം, തലപ്പുഴ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വ്യാപാരികളുടെ സ്ഥാപനങ്ങളും പാവപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും ഇല്ലാതാകും .
കണ്ണൂർ എയർപോർട്ടിന് വേണ്ടി ചെറിയ ടൗണുകൾ ഇല്ലാതാക്കുന്നത് വൻകിട മുതലാളിമാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണെന്ന് വ്യാപാരികൾ ആരോപിച്ചു.
പ്രഖ്യാപിച്ച മലയോര ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിച്ച് ഈ റൂട്ടിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്. ഇതിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനൽകാൻ വ്യാപാര സമൂഹം തയ്യാറാണ്. നിലവിലുള്ള ബൈപ്പാസുകളെ ശാസ്ത്രീയമായി പുനക്രമീകരിച്ചാൽ ടൗണിലെത്താതെ തന്നെ ദീർഘദൂര വാഹനങ്ങൾക്കു് യാത്ര ചെയ്യാനാവും.
നാലുവരിപ്പാത ടൗണിലൂടെ കൊണ്ടുവന്നു ടൗണിനെ പൂർണമായി ഇല്ലാതാക്കുകയല്ല, ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനാവശ്യമായ റോഡുകളാണ് ഉണ്ടാവേണ്ടത്.
9ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് എരുമത്തെരുവ് ഗ്രീൻസ് പരിസരത്ത് നിന്ന് ടൗൺഹാളിലേക്ക് നടക്കുന്ന പ്രകടനത്തിൽ വ്യാപാരികളും കുടുംബങ്ങളും അണിനിരക്കും. സമര പ്രഖ്യാപന കൺവെൻഷൻ സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും.
9 ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മാനന്തവാടിയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. ആറാം തിയതി തലപ്പുഴയിൽ നിന്ന് മാനന്തവാടിയിലേക്ക് കാൽനട പ്രചരണ ജാഥ നടത്തും.
വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.വി മഹേഷ്, വൈസ് പ്രസിഡന്റുമാരായ എം.വി സുരേന്ദ്രൻ, സി.കെ സുജിത്, എൻ വി അനിൽകുമാർ എം.കെ ശിഹാബുദ്ദീൻ എന്നിവർ സംബന്ധിച്ചു.