* സ്‌കൂളുകളിൽ വിന്യസിച്ചത് 3567 ലാപ്ടോപ്പുകളും 2079 പ്രൊജക്ടറുകളും
* ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം ജനുവരിയിൽ
* വിവരങ്ങൾ 'സമേതം' പോർട്ടലിൽ
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. 8 മുതൽ 12 വരെ ക്ലാസുകളുള്ള എല്ലാ സർക്കാർ, എയിഡഡ് ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പദ്ധതി 2018 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്.
ജില്ലയിലെ 155സ്‌കൂളുകൾ (107സർക്കാർ, 48 എയിഡഡ് ) പൂർണമായും ഹൈടെക്കാക്കി. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി 263 സ്‌കൂളുകളിലും ഉപകരണ വിതരണം പൂർത്തിയാക്കി.
ജില്ലയിലെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ എയിഡഡ് സ്‌കൂളുകളിൽ ഇതുവരെ വിന്യസിച്ചത് 3567 ലാപ്ടോപ്പുകളും, 3028 യു.എസ്.ബി സ്പീക്കറുകളും, 2079 പ്രൊജക്ടറുകളും, 1325 മൗണ്ടിംഗ് കിറ്റുകളും, 864 സ്‌ക്രീനുകളും. ഇതിന് പുറമെ 146 എൽ.ഇ.ഡി ടെലിവിഷൻ (43'), 155 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 155 ഡി.എസ്.എൽ.ആർ ക്യാമറ, 155എച്ച്.ഡി വെബ്ക്യാം എന്നിവയും സ്‌കൂളുകളിൽ വിന്യസിച്ചു.
13 സർക്കാർ സ്‌കൂളുകളിൽ 655 ലാപ്ടോപ്പുകളും 5 എയിഡഡ് സ്‌കൂളുകളിൽ 221ലാപ്ടോപ്പുകളും ലഭ്യമാക്കി.
ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവൻ അദ്ധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം നൽകിയിട്ടുണ്ട്.
പാഠഭാഗങ്ങൾ ക്ലാസ്മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് വിനിമയം നടത്താനായി 'സമഗ്ര' പോർട്ടൽ സജ്ജമാക്കി. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റുകൾ വഴി ജില്ലയിൽ 74 സ്‌കൂളുകളിൽ ഹൈടെക് സ്‌കൂൾ പ്രവർത്തനങ്ങൾ സജീവമാക്കുന്നുണ്ട്. എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറണ്ടിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം നടത്തുമെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.
സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലിപാർലമെന്റ്, മണ്ഡലങ്ങൾ, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവൻ വിശദാംശങ്ങളും 'സമേതം' പോർട്ടലിൽ (www.sametham.kite.kerala.gov.in) ലഭ്യമാണ്.
ചിത്രം : പിണങ്ങോട് ഡബ്ളിയു.ഒ.എച്ച്.എസ്.എസ്സിലെ ഹൈടെക് ക്ലാസ് റൂം