കൽപ്പറ്റ: മണ്ഡലം പര്യടനത്തിന്റെ ഭാഗമായി രാഹുൽഗാന്ധി എം പി നാളെയും മറ്റന്നാളും ജില്ലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് മീനങ്ങാടി ചോളയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന എം ഐ ഷാനവാസ് അനുസ്മരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. 11 മണിയോടെ ബത്തേരി സർവജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ വീട് സന്ദർശിക്കും. തുടർന്ന് സർവജന സ്‌കൂളിലും രാഹുലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വാകേരി ഹൈസ്‌ക്കൂളിൽ എം എസ് ഡി പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മൂന്ന് മണിയോടെ കൽപ്പറ്റയിലെത്തുന്ന രാഹുൽ യു ഡി എഫ് കൽപ്പറ്റ നിയോജകമണ്ഡലം കൺവെൻഷനിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും. നാല് മണിയോടെ വൈത്തിരി ഗവ. ആശുപത്രിയിലെ പുതിയതായി നിർമ്മിച്ച കെട്ടിടോദ്ഘാടനത്തിന് ശേഷം വൈകീട്ട് അഞ്ചിന് ലക്കിടിയിലെ നവോദയ സ്‌കൂൾ സന്ദർശനത്തോടെയാണ് ആദ്യദിവസത്തെ പര്യടന പരിപാടികൾ സമാപിക്കുക.
ഏഴിന് രാവിലെ 9.30ന് കൽപ്പറ്റ കലക്‌ട്രേറ്റ് എ പി ജെ ഹാളിൽ നടക്കുന്ന ജില്ലാപഞ്ചായത്ത് യോഗമാണ് രണ്ടാംദിവസത്തെ ആദ്യപരിപാടി. 11 മണിയോടെ ബത്തേരിയിൽ യു ഡി എഫ് ബത്തേരി നിയോജകമണ്ഡലം കൺവെൻഷനിൽ സംസാരിക്കും. 12 മണിക്ക് സുൽത്താൻബത്തേരി അസംപ്ഷൻ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന രാഹുൽഗാന്ധി ഉച്ചക്ക് രണ്ട് മണിയോടെ വെള്ളമുണ്ട എട്ടേനാലിൽ നടക്കുന്ന മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കും.
മാനന്തവാടി ഫാർമേഴ്സ് ബാങ്ക് കുടുംബശ്രീ യൂണിറ്റിന് വേണ്ടി നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല വായ്പാപദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന രാഹുൽഗാന്ധി മൂന്ന് മണിയോടെ ഡൽഹിയിലേക്ക് പോകാനായി കണ്ണൂർ എയർപോർട്ടിലേക്ക് തിരിക്കും.