കോഴിക്കോട്: ജില്ലയിലെ മുഴുവൻ സ്കൂളുകളും ഉടൻ ഹൈടെക് ആകും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂൾ പദ്ധതികൾ അവസാന ഘട്ടത്തിലെത്തി.
കിഫ്ബിയിൽ നിന്ന് 57.85 കോടി രൂപയാണ് ജില്ലയിൽ ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികൾക്ക് ഇതുവരെ ചെലവഴിച്ചത്. എട്ട് മുതൽ പ്ലസ്ടു വരെ ക്ലാസുകളുള്ള എല്ലാ സർക്കാർ, എയ്ഡഡ് ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പദ്ധതിയിൽ പൂർത്തീകരിച്ചു. ഒന്ന് മുതൽ ഏഴ് വരെയുള്ള സ്കൂളുകളിൽ ഹൈടെക് ലാബിനുള്ള ഉപകരണങ്ങളും നൽകി. 2018 ജനുവരിയിലും 2019 ജൂലായിലും ഉദ്ഘാടനം ചെയ്ത പദ്ധതികളാണ് പൂർത്തിയാകുന്നത്. ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുണ്ടായിരുന്ന79 സ്‌കൂളുകൾ ജില്ലയിലുണ്ടായിരുന്നു. ഇവയ്ക്കെല്ലാം ഉപകരണങ്ങൾ എത്തിക്കാൻ സർക്കാർ ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.
ഇതുവരെ വിതരണം ചെയ്തത് 12114 ലാപ്‌ടോപ്പുകളും 10256 യു.എസ്.ബി സ്പീക്കറുകളും 6940 പ്രൊജക്ടറുകളും 4199 മൗണ്ടിംഗ് കിറ്റുകളും 2934 സ്‌ക്രീനുകളുമാണ്. ഇതിന് പുറമെ 347 എൽ.ഇ.ഡി ടെലിവിഷൻ -43 , 363 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 360 ഡി.എസ്.എൽ.ആർ കാമറ, 361 എച്ച്.ഡി വെബ്കാം എന്നിവയും സ്‌കൂളുകളിൽ വിന്യസിച്ചു കഴിഞ്ഞു.
@ ഹൈടെക്ക് ആക്കിയ സ്കൂളുകൾ - 363 സ്‌കൂളുകൾ
സർക്കാർ സ്കൂളുകൾ - 167
എയിഡഡ് സ്കൂൾ - 196
@ ഹൈടെക്ക് ലാബിനായി ഉപകരണ വിതരണം പൂർത്തിയായത് -
1054 സ്‌കൂളുകൾ
സർക്കാർ സ്കൂളുകൾ - 271
എയിഡഡ് സ്കൂളുകൾ - 783
@ കൂടുതൽ ഉപകരണങ്ങൾ ലഭ്യമായ സ്കൂളുകൾ
സർക്കാർ സ്‌കൂളുകളിൽ ജി.ജി.വി.എച്ച്.എസ്സ്.എസ്സ് ഫറൂഖിനും (98 ലാപ്‌ടോപ്പ്, 62 പ്രൊജക്ടർ) എയ്ഡഡ് സ്‌കൂൾ മേമുണ്ട എച്ച്.എസ്സ്.എസിലും (91 ലാപ്‌ടോപ്പ്, 68 പ്രൊജക്ടർ) ആണ് കൂടുതൽ ഉപകരണങ്ങൾ ലഭ്യമായത്
@ അദ്ധ്യാപകർക്ക് പരിശീലനം നൽകി
ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവൻ അദ്ധ്യാപകർക്കും പ്രത്യേക ഐ.ടി പരിശീലനം നൽകിയിട്ടുണ്ട്. പാഠഭാഗങ്ങൾ ക്ലാസ് മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോർട്ടൽ സജ്ജമാക്കി.
" എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറണ്ടിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ പ്രത്യേക ഐ.ടി ഓഡിറ്റ് പൂർത്തിയാക്കാനും ജില്ലാ - സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ട് "
-കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത്