കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് അട്ടിമറിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ മുഴുവൻ ജനങ്ങളും ഒന്നിച്ചണിനിരക്കണമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ മെഡിക്കൽ കോളേജ് നിർമാണം നടത്താൻ കഴിയാത്തതിന്റെ ജാള്യതയാണ് നുണപ്രചാരണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

മൂന്ന് വർഷവും മൂന്ന് മാസവും എടുത്താണ് ഭൂമി യുഡിഎഫിന് കണ്ടെത്താനായത്. ഈ നടപടികൾക്കെല്ലാം എല്ലാ പിന്തുണയും അന്ന് എൽഡിഎഫ് നൽകി. എസ്‌കെഎംജെ സ്‌കൂളിൽ പ്രതീകാത്മക തറക്കല്ലിടൽ നടക്കുമ്പോൾ എംപി എം ഐ ഷാനവാസിനെയും എംഎൽഎ എം വി ശ്രേയാംസ്‌കുമാറിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചിരുന്നു.
അവിടെക്കുള്ള റോഡ് നിർമിക്കാൻ ഭൂമി കൈമാറിയത് എൽഡിഎഫാണ്. 2017 മാർച്ച് 17 ന് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മടക്കിമലയിലെ ഭൂമിയിൽ കോളേജിനായുള്ള പ്രൊജക്ട് തയ്യാറാക്കി കിഫ്ബിക്ക് നൽകാൻ ഇൻകൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. കെട്ടിട നിർമാണത്തിന് 625.38 കോടിയുടെയും റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിന് 12.9 കോടിയുടെയും ഭരണാനുമതിയും ലഭ്യമാക്കി. ഈ സമയത്ത് പ്രളയം ഉണ്ടാവുകയും നടപടികൾ തടസപ്പെടുകയും ചെയ്തു.
സെസ് നടത്തിയ പഠനത്തിൽ ഈ മേഖല 'മോഡറേറ്റ് ഹസാർഡ് സോൺ' എന്ന് രേഖപ്പെടുത്തിയിട്ടുളളതിനാൽ ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ വിദഗ്ധ പഠനം ആവശ്യമാണെന്നും തീരുമാനിച്ചു. തുടർന്ന് ജിയോളജിക്കൽ സർവെയുടെ ജിയോളജിസ്റ്റുകളെ സ്ഥലം പരിശോധിക്കാൻ ചുമതലപ്പെടുത്തി. 2018 ഓക്ടോബറിൽ ജിയോളജിസ്റ്റുകളായ രവിശങ്കർ ചൌബേ, രഞ്ജിത്കുമാർദാസ് എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ വിശദപഠനത്തിന് ശേഷം നിർമാണം ആരംഭിച്ചാൽ മതിയെന്ന് വ്യക്തമാക്കി. ഇതിന് വലിയ കാലതാമസം വരുമെന്ന് അവർ തന്നെ അറിയിച്ചു.
ഇൻകെൽ നടത്തിയ പരിശോധനയിൽ വിശദപഠനം അനിവാര്യമാണെന്നും പകരം ഭൂമി കണ്ടെത്തുകയാണ് അഭികാമ്യമെന്നും നിർദേശിച്ചു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജിന് പുതിയ ഭൂമി സൗജന്യമായി ലഭിച്ചില്ലെങ്കിൽ വില നൽകിയാണെങ്കിലും കണ്ടെത്താൻ തീരുമാനിച്ചത്.
എല്ലാ നടപടികളും പൂർത്തിയാക്കിയാണ് വെള്ളാരംകുന്നിലെ ഭൂമി ഏറ്റെടുക്കുന്നത്. 2021 ജൂണിൽ വയനാട് മെഡിക്കൽ കോളേജിൽ വിദ്യാർഥി പ്രവേശനം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സി കെ ശശീന്ദ്രൻ എംഎൽഎ, പി ഗഗാറിൻ, കെ വി മോഹനൻ, പി കെ മൂർത്തി, വി പി വർക്കി, എൻ ഒ ദേവസി, സി കെ ശിവരാമൻ, പി കെ ബാബു, മുഹമ്മദ് പഞ്ചാര എന്നിവർ പങ്കെടുത്തു.

തടസം സൃഷ്ടിക്കുന്നവർ വയനാടിന്റെ ശത്രുക്കൾ
കൽപ്പറ്റ
വയനാട്ടിൽ സർക്കാർ ഉടമസ്ഥതയിൽ മെഡിക്കൽ കോളേജ് വരുന്നത് തടയാൻ ശ്രമിക്കുന്നത് വയനാടിന്റെ ശത്രുക്കളാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ചില സ്വകാര്യ ആശുപത്രി ഉടമകളും ഭൂമികച്ചവടക്കാരും ഒരു പത്രവുമാണ് ഇതിന് പിന്നിൽ. ഇവർ സ്‌പോൺസർ ചെയ്ത് സമരനാടകമാണ് ചിലർ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു.
എങ്ങനെയെങ്കിലും നിർമാണം തടസപ്പെടുത്താനാണ് ശ്രമം. മടക്കിമലയിലെ ഭൂമിക്ക് പാരിസ്ഥിതിക ഭീഷണി ഉണ്ടെന്നും വിഗദ്ധപരിശോധന വേണമെന്നും പറയുന്ന റിപ്പോർട്ട് വിവരാവകാശപ്രകാരം അപേക്ഷ നൽകിയാലോ ഔദ്യോഗിക വെബ് സൈറ്റിലോ ലഭ്യമാണ്.
മടക്കിമലിയിലെ ഭൂമിയിൽ കെട്ടിടം നിർമിക്കുന്നയിടത്ത് മാത്രമാണ് മരങ്ങൾ മുറിക്കേണ്ടിയിരുന്നത്. എന്നാൽ 384 മരങ്ങൾ മുറിച്ചുവിറ്റു.


എഎൽഎസ് ഐസിയു ആംബുലൻസ് അനുവദിക്കും


കൽപ്പറ്റ: എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ഐസിയു ആംബുലൻസ് കൽപ്പറ്റയിൽ ലഭ്യമാക്കുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു.
സാധാരണ ഐസിയു ആംബുലൻസിനെക്കാളും കൂടുതൽ കാര്യക്ഷമമാണ് എഎൽഎസ് ഐസിയു. 45 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരിക. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക മാറ്റിവെച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അത്യാസന്ന രോഗികളെ കൊണ്ടുപോകാൻ ഏറെ സഹായകമാവും. കൽപ്പറ്റ ജനറൽ ആശുപത്രിയോട് ചേർന്നാവും ആംബുലൻസുണ്ടാവുക.