കോഴിക്കോട്: പോക്‌സോ കേസ്സുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹം പിന്തുണ നല്‍കേണ്ടതുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗങ്ങളായ ഇ.എം.രാധ, അഡ്വ.എം.എസ്.താര എന്നിവർ പറഞ്ഞു.

ടൗണ്‍ഹാളില്‍ വനിതാ കമ്മിഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

താമരശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയ്ക്കും അവളുടെ അമ്മയ്ക്കും കേസ് പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിടുകയായിരുന്നു. ഇതു കാരണം അവര്‍ പെണ്‍കുട്ടിയെയും രണ്ടു ആൺമക്കളെയും കൂട്ടി ജില്ലയില്‍ നിന്ന് തന്നെ മാറി താമസിക്കുകയാണ്. കുട്ടിയുടെ നല്ല ഭാവിക്ക് വേണ്ടി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വാദം അംഗീകരിക്കാനാവില്ല. കൂടുതല്‍ കുട്ടികളുടെ ഭാവി ഇല്ലാതാക്കാനുമാണ് കേസ് പിന്‍വലിക്കുന്നത് കാരണമാവുകയെന്ന് കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

കുട്ടിയുടെ അമ്മ വിദേശത്തായിരുന്നപ്പോൾ രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്സ്. രണ്ട് ആണ്‍കുട്ടികളെയും ഇയാള്‍ പീഡനത്തിനിരയാക്കി. വിദേശത്തായിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് നല്ല പിന്തുണ കിട്ടിയത് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് ഊർജ്ജമായി.

താമരശേരിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് അദാലത്തില്‍ മുഖ്യമായും പരിഗണിച്ചത്. രണ്ടു കേസ്സുകളിലും രണ്ടാനച്ഛൻ കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. ഒരു കേസ്സില്‍ അച്ഛനും. ലഹരിവസ്തുക്കളുടെ ഉപയോഗമാണ് പല കേസുകള്‍ക്കും പിന്നില്‍.

ആകെ 65 പരാതികളാണ് മെഗാ അദാലത്തിനു മുമ്പാകെ വന്നത്. ഇതില്‍ പന്ത്രണ്ടെണ്ണത്തില്‍ തീരുമാനമെടുത്തു. ഒരെണ്ണം പൊലീസിന് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. 26 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. എതിര്‍കക്ഷികള്‍ ഹാജരാകാത്തതിനാല്‍ 26 എണ്ണം മാറ്റി.