bijeesh

പേരാമ്പ്ര: ഛത്തീസ്ഗഡിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കല്ലോട് അയ്യപ്പൻചാലിൽ ബാലൻ നായരുടെയും സുമയുടെയും മകൻ ബിജീഷ് എന്ന ഉണ്ണി (30) ആണ് മരിച്ച പേരാമ്പ്ര സ്വദേശി. വെടിവയ്പിൽ തിരുവനന്തപുരം സ്വദേശിയായ ഉല്ലാസ് ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അമൃതയാണ് മരണമടഞ്ഞ ബിജീഷിന്റെ ഭാര്യ. മകൾ ദക്ഷ.

നക്‌സൽ ബാധിത പ്രദേശമായ ബസ്തർ ഡിവിഷനിൽ നാരായൺപുർ ജില്ലയിലെ ക്യാമ്പിൽ ഇന്നലെ രാവിലെയാണ് സംഭവം.

പശ്ചിമബംഗാൾ സ്വദേശിയായ പൊലീസുകാരൻ മസ്ദുൾ റഹ്മാൻ ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തത്. സംഭവത്തിനു ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. അവധി അപേക്ഷ മേലുദ്യോഗസ്ഥൻ പരിഗണിക്കാത്തതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

ഹെഡ് കോൺസ്റ്റബിൾമാരായ മഹേന്ദ്ര സിംഗ്, ദൽജിത് സിംഗ്, കോൺസ്റ്റബിൾമാരായ സുർജിത് സർക്കാർ, ബിശ്വരൂപ് മഹതോ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു പൊലീസ് ഉദ്യോഗസ്ഥർ.പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.