മാനന്തവാടി: ജനപ്രതിനിധിയോട് വീണ്ടും ഉദ്യോഗസ്ഥ അധിക്ഷേപം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായാണ് ആരോപണം. ഇതേതുടർന്ന് വനിതാ
മെമ്പർമാർ സെക്രട്ടറിയെ ഉപരോധിച്ചു. വൈകീട്ടോടെ ഗ്രാമവികസന വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു.
സെക്രട്ടറിയോട് തൽക്കാലം അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുകയും സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ഗ്രാമവികസന വകുപ്പ് കമ്മീഷണർക്ക് സമർപ്പിക്കുമെന്ന ഗ്രാമവികസന വകുപ്പ് ജില്ലാ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെയും തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം സബ്ബ് കലക്ടർ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സനെ അപമാനിച്ച സംഭവത്തിന്റെ ചൂടാറും മുമ്പാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഉദ്യോഗസ്ഥ അധിക്ഷേപം.
ചൊവ്വാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ നിന്ന് സെക്രട്ടറി ഇറങ്ങി പോയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന്
പ്രശ്നം പരിഹരിക്കാൻ ഭരണസമിതി അംഗങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ 9.30 ന് ബ്ലോക്ക് സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് മോശമായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്നം വഷളായത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുറിയിലെത്തിയ സെക്രട്ടറി വൈസ് പ്രസിഡന്റിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ബ്ലോക്ക് വനിതാമെമ്പർമാർ ഉച്ചയ്ക്ക് ഒരു മണി മുതൽ പഞ്ചായത്ത് സെക്രട്ടറി എൻ.അനൂപ് കുമാറിനെ ഉപരോധിക്കുകയായിരുന്നു.
വൈകീട്ട് 4.30 ഓടെ ഗ്രാമവികസന വകുപ്പ് പ്രൊജക്ട് ഡയറക്ടർ മജീദ്, എ.ഡി.സി. നൈസി റഹ്മാൻ എന്നിവർ സ്ഥലത്തത്തി ഇരുപക്ഷത്തിന്റെയും അഭിപ്രായങ്ങൾ ആരാഞ്ഞു. ഒരു കാരണവശാലും ഈ സെക്രട്ടറിയെ വെച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അനുരഞ്ജന ചർച്ചയിൽ പ്രതിപക്ഷ മെമ്പർമാർ ഉൾപ്പെടെ പറഞ്ഞതോടെ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് വ്യാഴാഴ്ച തന്നെ റിപ്പോർട്ട് ഗ്രാമവികസന വകുപ്പ് കമ്മീഷണർക്ക് നൽകുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന നിർദ്ദേശമനുസരിച്ച് മറ്റ് നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.