കൽപ്പറ്റ: ട്രാഫിക്ക് പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സി.ഐ.യെ സ്ഥലംമാറ്റി. കൽപ്പറ്റ സി.ഐ. എം.എം.അബ്ദുൾ കരീമിനെയാണ് താമരശ്ശേരിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ആഗസ്ത് 28നാണ് ഇദ്ദേഹം കൽപ്പറ്റ സി.ഐ.ആയി ചുമതലയേറ്റത്.
സെപ്തംബറിലാണ് ഡി.വൈ.എഫ്.ഐ. ജില്ലാ ജോ. സെക്രട്ടറിയായ ഷംസുദ്ദീനെ ഇദ്ദേഹം അറസ്റ്റ് ചെയ്തത്. ബത്തേരി സർവ്വജന സ്‌ക്കൂളിലെ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. നടത്തിയ കലക്ട്രേറ്റ് മാർച്ചിനിടയിൽ സി.ഐ.യെ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസിന്റെ ഇടപെടൽ മൂലം കൂടുതൽ അനിഷ്ട സംഭവം ഉണ്ടായില്ല. മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് ഖ്യാതി നേടിയ ഇദ്ദേഹത്തിന് ഡി.ജി.പി.യുടെ ഗാർഡർ ഓഫ് ഓണർ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വർഷങ്ങളായി ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കാട്ടിക്കുളം ഇബ്രാഹിം മാസ്റ്റർ വധം ഉൾപ്പെടെയുള്ള പ്രമാദമായ നിരവധി കേസുകൾ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പുറമെ മാനന്തവാടി സി.ഐ. പി.കെ. മണിക്കും ജില്ലയിൽ സ്ഥലം മാറ്റമുണ്ട്.