ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി
കോഴിക്കോട്: ഹരിത കേരളം മിഷൻ മൂന്നാം വാർഷികത്തിന്റെ ഭാഗമായി 'ഇനി ഞാനൊഴുകട്ടെ - നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ' എന്ന പേരിൽ നീർച്ചാലുകളുടെ ശുചീകരണത്തിനായി നടത്തുന്ന ജനകീയ ക്യാമ്പയിൻ ഡിസംബർ 14 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ നടക്കും.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഹരിതകേരള മിഷൻ യോഗത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാന നീർച്ചാലും അതിന്റെ ഉപനീർച്ചാലുകളും ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നീർച്ചാലുകൾ വീണ്ടും മലിനപ്പെടാതിരിക്കുന്നുവെന്നത് ഉറപ്പാക്കുന്നതിനായി ബോധവൽക്കരണം, തുടർ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ നീർത്തടാധിഷ്ടിത ഇടപെടലുകളിലൂടെ കൈവഴികളുടേയും വൃഷ്ടിപ്രദേശത്തിന്റെയും സംരക്ഷണം എന്നിവയും ഉറപ്പാക്കും. നീർച്ചാലുകളിലെ വേനൽക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി വൃഷ്ടിപ്രദേശത്തെ കുളങ്ങളിൽ പരമാവധി ജലസംഭരണം സാധ്യമാക്കുക. ജലസേചന കനാലുകൾ, ക്വാറികൾ എന്നിവയിൽ റീചാർജിംഗ് ഉറപ്പാക്കുക എന്നിവ തുടർ പ്രവർത്തനങ്ങൾ എന്ന നിലയിൽ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു.
പുഴകളുടെ പുനരുജ്ജീവനം
ഹരിതകേരളം മിഷൻ മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം. സംസ്ഥാനത്ത് നീർച്ചാൽ ശൃംഖലകളുടെ ബാഹുല്യം മാലിന്യം വളരെ വേഗത്തിൽ ഒഴുകി പുഴകളിലെത്തുന്നതിനും പുഴയും ഒപ്പം ഭൂജലവവും മലിനമാകുന്നതിനും കാരണമാകുന്നു. പുഴകൾ മാലിന്യമുക്തമാക്കുന്നതിന് കൈവഴികൾ ശുചിയാക്കേണ്ടതുണ്ട്. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാനപ്പെട്ട തോടോ നീർച്ചാലോ തെരഞ്ഞെടുത്ത് ജനകീയമായി ശുചികരിക്കുന്നതിനാണ് ഈ ക്യാമ്പയിനിൽ ലക്ഷ്യം വെയ്ക്കുന്നത്. ജില്ലാതലത്തിൽ തദ്ദേശ സ്വയംഭരണ മേധാവികളുടെയും ജല സംരക്ഷണ ജില്ലാ സങ്കേതിക സമിതിയുടെയും യോഗം ചേർന്ന് ബ്ലോക്ക്തലത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംഘാടക സമിതി രൂപികരിച്ചു. ജില്ലയിൽ ഇതുവരെ 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 240 കിലോമീറ്റർ നീളമുള്ള 80 തോടുകൾ ഇതിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. അതാത് പ്രദേശത്തെ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രവർത്തനം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രദേശിക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, കോളേജ്, സ്‌കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ, വ്യാപാരി വ്യവസായ സംഘടനകൾ, എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തുന്നത്.