കൂമ്പാറ: പ്രകൃതിദുരന്തമോ ആകസ്മിക അപകടങ്ങളോ ഉണ്ടാകുമ്പോൾ പകച്ചു നിൽക്കാതെ രക്ഷകരായി മാറാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദക്ലബ്ബിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് സേഫ്റ്റി സർവ്വീസുകാരാണ് വിദ്യാർത്ഥികൾക്ക് ദുരന്തം നേരിടാനും രക്ഷാപ്രവർത്തനത്തിനും പരിശീലനം നൽകിയത്.

ദുരന്തമുണ്ടാകുമ്പോൾ ഒട്ടും സമയം കളയാതെ രക്ഷാപ്രവർത്തനത്തിലേർപ്പെടാനുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്കു നൽകിയത്. സ്കൂൾ പ്രിൻസിപ്പൽ കെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എൻ.കെ.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് അഷറഫ്.കെ.പന്നൂർ, കെ.ജിനി, അബ്ദുസലാം, മുക്കം ഫയർസ്റ്റേഷൻ അസി.സ്റ്റേഷൻ ഒഫീസർ എൻ. വിജയൻ, സഹപ്രവർത്തകരായ സി.രമേശ്,എസ്.ജി.വിഷ്ണു, എം.അനീഷ്, സ്കൂൾ അദ്ധ്യാപിക നഷീദ, ജ്യോതിസ് പയസ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് കോ-ഓർഡിനേറ്റർ എ.എം ബിന്ദുകുമാരി സ്വാഗതവും കൺവീനർ ആൽവിൻ തോമസ് നന്ദിയും പറഞ്ഞു.

ഗ്യാസ് സിലിണ്ടറിനു തീപിടിച്ചാൽ തീയണയ്ക്കുന്നതും കിണറിലൊ ഗർത്തങ്ങളിലോ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതും, ആൾക്കൂട്ടമുള്ള കെട്ടിടത്തിൽ തീ പിടുത്തമുണ്ടാകുമ്പോൾ ഫയർ എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നതും വെള്ളത്തിലകപ്പെടുന്നവരെ മുങ്ങി തപ്പിയെടുക്കുന്നതും ഓക്സിജൻ മാസ്ക് ധരിക്കുന്നതും കൃത്രിമ ശ്വാസം നൽകുന്നതുമെല്ലാം അസി.സ്റ്റേഷൻ ഓഫീസർ എൻ. വിജയന്റെ നേതൃത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ഫയർ ഓഫീസർമാരായ രമേഷ്, വിഷ്ണു, അനീഷ് എന്നിവർ വിവിധ രക്ഷാപ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു.