കൊടിയത്തൂർ: ചെറുവാടി പുഞ്ചപ്പാടത്ത് ഈ വർഷവും കൊടിയത്തൂർ സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നെൽകൃഷിയിറക്കി.
മുൻവർഷങ്ങളിലെല്ലാം സ്വന്തമായി വിളവെടുത്ത നെല്ല് കുത്തി അരിയാക്കി വിതരണം ചെയ്തിരുന്നു. നെൽകൃഷിയിറക്കുന്ന കർഷകർക്ക് പലിശരഹിത വായ്പയും ബാങ്കിന് കീഴിലെ കർഷക സേവന കേന്ദ്രത്തിന്റെ സഹായത്തോടെ യന്ത്രസാമഗ്രികളും ലഭ്യമാക്കുന്നുണ്ട്. കർഷകരിൽ നിന്ന് ബാങ്ക് നേരിട്ട് നെല്ല് ഏറ്റെടുക്കുകയാണ്. കഴിഞ്ഞ വർഷം ഇങ്ങനെ 50 ടൺ നെല്ല് ബാങ്ക് സംഭരിച്ചിരുന്നു. കർഷകർക്ക് പണവും റൊക്കം നൽകുകയും ചെയ്തു.
ഈ വർഷവും 5 ഏക്കറിൽ നെൽകൃഷിയുണ്ട്. കർഷക സേവനകേന്ദ്രത്തിലെ ഗ്രീൻ ആർമി പ്രവർത്തകരാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. ഞാറ് നടീൽ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു നിർവഹിച്ചു. കൃഷി ഓഫീസർ ഫെബിത, പാടശേഖരസമിതി കൺവീനർ കെ.സി.മമ്മദ്കുട്ടി, സി.ഹരീഷ്, അബ്ദുൾ റസാഖ്, സി.ടി.അബ്ദുൾ ഗഫൂർ, ഇ.അരുൺ തുടങ്ങിയവർ സംസാരിച്ചു. ചുള്ളിക്കാപറമ്പ് ബ്രാഞ്ച് മാനേജർ കെ.ശ്രീജിത്ത് സ്വാഗതവും കർഷക സേവനകേന്ദ്രം മാനേജർ ഡെന്നി ജോസ് നന്ദിയും പറഞ്ഞു.