neenthal
പുനൂർ പുഴയുടെ തീരത്ത് പുഴയിലല്ലാതെ ഒരുക്കിയ അർജുന നീന്തൽ കേന്ദ്രത്തിൽ പുതിയ തലമുറക്ക് പരിശീലനം നൽകുന്ന രജീഷ്

കോഴിക്കോട്: നീന്തൽ താരം മേടയിൽ രജീഷിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല.നീന്തൽ പഠിപ്പിക്കാനുള്ള തിരക്കോട് തിരക്ക് തന്നെ.പുനൂർ പുഴയുടെ തീരത്ത് പുഴയിലല്ലാതെ ഒരുക്കിയ നീന്തൽ കേന്ദ്രത്തിലാണ് പുതിയ തലമുറക്ക് പ്രതിഫലേച്ഛ കൂടാതെ പരിശീലനം നൽകുന്നത്.

രജീഷിന്റെ അർജുന നീന്തൽ കേന്ദ്രം ഇന്ന് നാടെങ്ങുമറിയും.ജാതി മത ഭേദമില്ലാതെ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമെല്ലാം ഇവിടെത്തുന്നു.

പരിശീലിപ്പിക്കാൻ തുടങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷം തികയുകയാണ്.ജീവിത വെല്ലുവിളികൾക്കെതിരെ നീന്തി സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ നീന്തൽ താരമാണ് രജീഷ്. സംസ്ഥാന തലത്തിൽ ഒട്ടേറെ അംഗീകാരം നേടിയെങ്കിലും ഒരു ജോലിക്കായി അധികൃതർക്ക് നിവേദനങ്ങൾ പലതും നൽകിയതാണ്. ഒഴിവുള്ള മുറയ്ക്ക് നിയമനം നടത്തണമെന്ന് കാണിച്ച് 1991 ൽ മുഖ്യമന്ത്രി കെ. കരുണാകരൻ ടൂറിസം സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും പിന്നീട് ആ ഫയലും ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നു.

അർജ്ജുന സ്വിമ്മിംഗ് ആൻഡ് കോച്ചിംഗ് സെന്ററിൽ നൂറോളം കുട്ടികൾക്ക് അദ്ദേഹം പരിശീലനം നൽകുന്നുണ്ട്. തുടക്കത്തിൽ തൊണ്ടുകൾ കെട്ടിയാണ് പരിശീലനം നടത്തിയിരുന്നത് . പിന്നീട് ഓരോരുത്തരുടേയും പ്രായത്തിനനുസരിച്ച് രണ്ട് മുതൽ അഞ്ചു ലിറ്റർ വരെയുള്ള കന്നാസുകൾ പഠിക്കുവാൻ വരുന്ന ആളുകളുടെ അര ഭാഗത്ത് കെട്ടുവാൻ തുടങ്ങി.

താൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പുനൂർ പുഴയിൽ തന്നെ നീന്തി പഠിച്ച രജീഷ് ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച സാഹസിക നീന്തൽ മത്സരത്തിൽ പങ്കെടുത്തു കൊണ്ടാണ് മത്സര രംഗത്ത് എത്തുന്നത്. 1981ൽ ചാലിയാർ പുഴ കവിഞ്ഞൊഴുകിയപ്പോൾ ബേപ്പൂർ അഴിമുഖം തൊട്ട് ഫറോക്ക് വരെ നീന്തി സമ്മാനം നേടിയതൊക്കെ അന്നത്തെ യുവാക്കൾക്കിടയിൽ ചർച്ചാ വിഷയമായിരുന്നു.

ഒരു തരത്തിലുള്ള പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് രജീഷ് പരിശീലനം നൽകുന്നത്. നീന്തലിൽ സ്വയരക്ഷക്കുള്ള മാർഗ്ഗങ്ങളാണ് ആദ്യം കുട്ടികളെ അഭ്യസിപ്പിക്കുക.വെള്ളത്തിൽ എങ്ങനെ ശ്വസിക്കണം എന്നതാണ് നീന്തൽ പഠിക്കുമ്പോൾ ആദ്യം അറിഞ്ഞിരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജലസേനയിൽ എങ്ങനെയാണ് ആളുകളെ സംരക്ഷിക്കേണ്ടത് എന്ന് അദ്ദേഹം പരിശീലിപ്പിക്കുന്നു. ദേശീയ സംസ്ഥാന തലത്തിൽ മത്സരിച്ച് വിജയിച്ച അനേകം ശിക്ഷ്യഗണങ്ങൾ രജീഷിനു സ്വന്തം.

ഇപ്പോൾ ആളുകളുടെ സമയം പരിഗണിച്ചാണ് രാത്രിയിലും പരിശീലനം നൽകുന്നത്. രാത്രിയിൽ നീന്തൽ കുളത്തിലേക്ക് വെളിച്ചം വീശാൻ ലൈറ്റുകൾ സജജമാക്കിയിട്ടുണ്ട്. അക്വാറ്റിക്ക് അസോസിയേഷന്റെ അംഗത്വവും ഇവർക്കുണ്ട്. പുഴയിലെ വെള്ളം തന്നെയാണ് നീന്തൽ കുളത്തിലേക്ക് ഉപയോഗിക്കുന്നത്. അത് കൊണ്ട് എപ്പോഴും പുതിയ വെള്ളമായിരിക്കും പൂളിൽ ഉണ്ടാവുക.