കോഴിക്കോട്: മിഠായിത്തെരുവിലെ അലങ്കാരവിളക്കുകൾ കണ്ണടച്ചു. നവീകരണത്തിൻെറ ഭാഗമായ് മിഠായി തെരുവിൽ എസ് കെ മുതല്‍ കോര്‍ട്ട് റോഡ് ജംഗ്ഷന്‍ വരെയാണ് വിളക്കുകൾ സ്ഥാപിച്ചത്. ഇതിൽ ഭൂരിഭാഗം വിളക്കുകളും മാസങ്ങളായി പ്രവർത്തിക്കാറില്ല. രണ്ട് വിളക്കുകള്‍ കത്തിയിരുന്നെങ്കിലും അതും കത്താതായി. ഇതോടെ രാതിയായാല്‍ മിഠായി തെരുവ് പൂര്‍ണ്ണമായും ഇരുട്ടിലാണ്.
ആറരക്കോടിയോളം രൂപ ചെലവഴിച്ച് നടത്തിയ മിഠായി തെരുവ് നവീകരണത്തിൻെറ മുഖ്യ ആകര്‍ഷണമായിരുന്നു അലങ്കാര വിളക്കുകള്‍. തെരുവില്‍ എത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങളും ഉണ്ട്. എന്നാല്‍ വെളിച്ചമില്ലാതെ ഇവിടെ ഇരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ആളുകള്‍ പറയുന്നു. രാത്രി ഒമ്പത് മണിയോടെ മിഠായി തെരുവിലെ ഭൂരിഭാഗം കടകളും അടക്കും. ഇതോടെ ഇരുട്ടിൻെറ മറപിടിച്ച് സാമൂഹ്യ വിരുദ്ധരും ഇവിടെ തമ്പടിക്കുവാന്‍ തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാളയത്തേക്കും പുതിയ സ്റ്റാന്‍ഡിലേക്കും എളുപ്പ മാര്‍ഗ്ഗത്തിലെത്താന്‍ സ്ത്രീകളും കുട്ടികളും ഇത് വഴിയാണ് കടന്നു പോകുന്നത്. കൂടാതെ ജോലി കഴിഞ്ഞ് പോകുന്നവർക്കും ആശ്രയമാണ് ഈ വഴി.
ഇരുട്ടായാല്‍ പലരും ഷോപ്പുകളുടെ വെളിച്ചത്തിലാണ് കടന്നു പോകുന്നത്. എന്നാല്‍ ഷോപ്പുകല്‍ അടച്ചു കഴിഞ്ഞാല്‍ മൊബൈല്‍ വെട്ടത്തെയാണ് ആശ്രയിക്കുന്നത്. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതിനെ തുടര്‍ന്ന് വാഹന നിരോധനത്തിനായി സ്ഥാപിച്ച ചങ്ങലകളില്‍ തട്ടി ആളുകള്‍ വീഴുന്നതും പതിവാണ്. നവീകരണത്തിൻെറ ഭാഗമായി മാലിന്യം ഇടാനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കൊട്ടകളും തകര്‍ത്ത നിലയിലാണ്. ബാക്കിയുള്ളവ മറച്ചിട്ട നിലയിലുമാണ്. പല തവണ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതോടൊപ്പം മഴപെയ്താല്‍ അലങ്കാരവിളക്കുകള്‍ അപകട ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ലൈറ്റുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും പതിവാണ്. പലതും പൊട്ടിവീഴാനായ അവസ്ഥയിലാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു ലൈറ്റ് പൊട്ടി വീണിരുന്നു. തലനാരിഴയ്ക്കാണ് വഴിയാത്രക്കാരന്‍ രക്ഷപ്പെട്ടത് .എന്നിട്ടും നടപടികള്‍ ഒന്നുമായില്ല. ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ലെന്നും ചോദിക്കുന്നവരെല്ലാം കയ്യൊഴിയുകയാണെന്നും വ്യാപാരികള്‍ പറയുന്നു.