കുറ്റ്യാടി: പരിമിതികളിൽ വീർപ്പുമുട്ടുന്ന തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻെറ മൂന്നു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. വാടകക്കെട്ടിടത്തിൽനിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുകയാണ് തൊട്ടിൽപ്പാലം സ്റ്റേഷൻ. സ്വന്തമായി പുതിയ കെട്ടിടം നിർമ്മിക്കാൻ കാവിലുംപാറ പഞ്ചായത്താണ് സ്ഥലം വിട്ടുനൽകിയത്. കേരളത്തിൽ മാവോവാദികളുടെ ഭീഷണി നേരിടുന്ന സ്റ്റേഷനുകളിൽ ഒന്നാണ് തൊട്ടിൽ പാലത്തേത്. മുമ്പ് മാവോവാദികളുടെ സാന്നിധ്യം സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു. തുടർന്ന് തണ്ടർ വോൾട്ടിനെ ഇവിടെ നിയോഗിച്ചിരുന്നെങ്കിലും മേൽതട്ടിലെ സ്റ്റേഷന്റെ സ്ഥല പരിമിതിയും മറ്റുംമൂലം നിർത്തലാക്കുകയായിരുന്നു. റൂറലിലെ ജനമൈത്രി പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണിത്. വിവിധ ആവശ്യങ്ങൾക്കായി നിലവിൽ പ്രവൃത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ എത്തിചേരാൻ ഏറെ ശ്രമകരമാണ്. ഇടുങ്ങിയ ഗോവണിയും മുൻവശത്ത് വാഹനങ്ങൾ പാർക്കിംഗ് ചെയ്യാനുള്ള അസൗകര്യവും കാരണം പൊലീസിനും ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥയാണ്.

കുറ്റ്യാടി-വയനാട് അന്തർസംസ്ഥാന പാതയോരത്തെ കാവിലുംപാറ സർവ്വീസ് സഹകരണ ബാങ്കിന് മുൻവശത്തായി ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ പതിമൂന്നേ മുക്കാൽ സെന്റ് ഭൂമിയിൽ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉയരുകയാണ്. പണിയാൻ പഞ്ചായത്ത് വിട്ടുനൽകിയത്. സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് വകയിരുത്തിയത്. അടുത്ത വർഷത്തിന്റെ ആദ്യമാസത്തിൻ തന്നെ തൊട്ടിൽപാലത്ത് പുതിയ സ്റ്റേഷന്റെ നിർമാണം പൂർത്തികരിക്കപെടുമെന്നാണ് ബന്ധപെട്ടവർ പറയുന്നത്.