കുറ്റ്യാടി : കനാൽ നിർമാണത്തിനായി പാറ പൊട്ടിക്കുമ്പോൾ ഉണ്ടായ പ്രകമ്പനവും പാറക്കഷ്ണങ്ങളുടെ വീഴ്ചയും കാരണം അപകട ഭീഷണിയിലായ വീട്ടുകാരെ അധികൃതർ മാറ്റി പാർപ്പിക്കുന്നില്ലെന്ന പരാതി. കാവിലുംപാറ പഞ്ചായത്തിലെ ചാത്തങ്കോട് നട മിനി ജലസേചന പദ്ധതിയുടെ ഭാഗമായി ഒടേരി പൊയിൽ ഭാഗത്ത് കനാൽ നിർമാണത്തിനായി പാറ പൊട്ടിക്കുമ്പോൾ ഉണ്ടായ പ്രകമ്പനം കാരണമാണ് വാളയങ്കോട്ടുമ്മൽ ലീലയുടേയും വാളയങ്കോട്ടുമ്മൽ അനിതയുടേയുംവീടുകൾക്ക് തകർച്ച സംഭവിച്ചത്.
വീടുകൾ അപകട ഭീഷണിയിലായതിനെ തുടർന്ന് കരാറുകാർ രണ്ട് വീട്ടുകാരെയും വാടക വീടുകളിൽ മാറ്റി താമസിപ്പിക്കുകയായിരുന്നു. ഒരു വർഷത്തോളം ഇവർ വാടക വീടുകളിലായിരുന്നു താമസം. ഇതിനിടയിൽ ലീലയുടെ വീടിന്റെ ഒരു ഭാഗം പാറകൾ വീണു നിലംപതിച്ചു. അനിതയുടെ വീടിന്റെ ചുമരുകൾക്കും അടിത്തറയ്ക്കും വിള്ളലുകൾ വീണു അപകടാവസ്ഥയിലാണ്.
ഏകദേശം ഇരുപത് മീറ്ററോളം ദൂരത്തിലാണ് അപകട സാദ്ധ്യതയുള്ള പാറ സ്ഥിതി ചെയ്യുന്നത്. അതിനാൽ ഏത് നിമിഷവും അപകടത്തിന്റെ നിഴലിലാണെന്നും പഴയ വീട് അറ്റകുറ്റപ്പണി നടത്തി താമസിപ്പിക്കാനാണ് കരാറുകാരുടെ ശ്രമമെന്നും ഇവർ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടർന്ന് കെ.എസ്.ഇ.ബി എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി.അപകട ഭീഷണിയിൽ കഴിയുന്ന വീട്ടുകാരെ മാറ്റി താമസിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് റവന്യൂ ഉദ്യോഗസ്ഥന്മാരുടെയും യോഗം തീരുമാനിച്ചു.