സുൽത്താൻ ബത്തേരി : ബത്തേരി അസംപ്ഷൻ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനസികരോഗ -ലഹരി വിമോചന ചികിൽസാ വിഭാഗം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് രാഹുൽ ഗാന്ധി എം.പി.നിർവ്വഹിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സുൽത്താൻ ബത്തേരി സ്റ്റേഡിയം റോഡിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി കെട്ടിടം. മാനസിക രോഗങ്ങൾക്കുള്ള ഒ.പി, ഐ.പി ചികിൽസ, ലഹരി വിമോചന ചികിൽസ, മാനസിക വൈകാരിക പ്രശ്നങ്ങൾക്കുള്ള കൗൺസിലിംഗ്, സൈക്കോതെറാപ്പി മുതലായ ചികിൽസ സൗകര്യങ്ങളാണ് പുതിയ ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്.
പൊതുസമ്മേളനത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മാനന്തവാടി രൂപതാമെത്രാൻ ബിഷപ്പ് ജോസ് പൊരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എച്ച് കോൺഗ്രിനേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസി മാത്യു, നഗരസഭ ചെയർപേഴ്സൺ ടി.എൽ.സാബു, അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ.ജെയിംസ് പുത്തൻപറമ്പിൽ, നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ.സഹദേവൻ, കൗൺസിലർമാരായ ബാബു അബ്ദുൾറഹ്മാൻ, എൽസി പൗലോസ്, മുൻ എം.എൽ.എ കെ.സി.റോസക്കുട്ടി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുക, ഡോ.ഗോപാലൻ, ഡോ.എം.ചന്ദ്രൻ, ഡോ.ജോ ടുട്ടു ജോർജ്, സിബി എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ അസംപ്ഷൻ ചർച്ച് വികാരി ഫാ.ജെയിംസ് പുത്തൻപറമ്പിൽ, ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.എം.ചന്ദ്രൻ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ലിറ്റിൽ ട്രീസ, സിസിറ്റർ ആനീസ് എന്നിവർ പങ്കെടുത്തു.
താലൂക്ക് വികസന സമിതി യോഗം നാളെ
സുൽത്താൻ ബത്തേരി : താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച കാലത്ത് 11 മണിക്ക് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.