കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. ചേവായൂർ നിത്യസഹായ മാതാ പള്ളി വികാരിയായിരുന്ന ഫാദർ ജേക്കബ് (മനോജ്) പ്ലാക്കൂട്ടത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.
രണ്ടു വർഷം മുമ്പ് 2017 ൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വീട്ടമ്മയുടെ പരാതി. സംഭവത്തിൽ നേരത്തെ പരാതി നൽകാതിരുന്നത് ഭയം കാരണമാണെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം ബിഷപ്പിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് വീട്ടമ്മ പറയുന്നു. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. എസ്.ഐ ടി.എം.നിധീഷിനാണ് അന്വേഷണച്ചുമതല.
എന്നാൽ, ആരോപണവിധേയനായ വികാരിയെ ഇടവക വികാരി സ്ഥാനത്തു നിന്നും മറ്റു ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കിയതായി താമരശ്ശേരി രൂപത പി.ആർ.ഒ ഫാദർ മാത്യു കൊല്ലംപറമ്പിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദികനെ കുറിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇയാൾക്കെതിരെ ആഴ്ചകൾക്ക് മുമ്പു തന്നെ നടപടി സ്വീകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമനടപടികളുമായി രൂപത കാര്യാലയം പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.