മാനന്തവാടി: മട്ടന്നൂർ മാനന്തവാടി എയർപോർട്ട് കണക്ടിവിറ്റി റോഡ് നാലുവരിയിൽ 24 മീറ്റർ വീതിയിൽ വരുമ്പോൾ തലപ്പുഴയിലെ 200 ഓളം സ്ഥാപനങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുമെന്നതിനാൽ റോഡ് ടൗണിൽ രണ്ടു വരിയിൽ ഒതുക്കി 12 മീറ്റർ ആയി നിജപ്പെടുത്തണമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അലൈൻമെന്റ് പ്രകാരം 24 മീറ്റർ വീതിയിൽ തലപ്പുഴയിൽ റോഡു കടന്നുപോയാൽ ആയിരക്കണക്കിന് വ്യാപാരികളുടെ സ്ഥാപനങ്ങളും അഞ്ചും പത്തും സെന്റ് വിസ്തീർണ്ണമുള്ള പാവപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും മറ്റും പൂർണ്ണമായും ഇല്ലാതാകും.
വ്യാപാരികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ഈ വിഷയത്തിൽ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി 9 ന് തിങ്കളാഴ്ച രാവിലെ മാനന്തവാടി കമ്യൂണിറ്റി ഹാളിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. ഇതിന് മുന്നോടിയായ് 6 ന് ഉച്ചയ്ക്ക് 2.30 ന് തലപ്പുഴയിൽ നിന്ന് മാനന്തവാടി വരെ കാൽനട ജാഥ നടത്തും.

കേരളാ വ്യാപാര വ്യവസായി എകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി ജോയി ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിലെ കോർണർ യോഗങ്ങൾക്ക് ശേഷം കാൽനട ജാഥ മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിക്കും സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളത്തിൽ വി.യു.ജോണി, കെ.സാബു, എൻ.കെ.നാസർ എന്നിവർ പങ്കെടുത്തു.