രാമനാട്ടുകര: സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ ലോട്ടറിയിൽ 5,000 രൂപയുടെ സമ്മാനം ലഭിച്ച നമ്പറിലുള്ള വ്യാജടിക്കറ്റുമായി തട്ടിപ്പിന് ശ്രമം. കഴിഞ്ഞ 30 ന് നറുക്കെടുത്ത ലോട്ടറിയുടെ വ്യാജടിക്കറ്റ് വെച്ച് കബളിക്കാൻ നോക്കിയ വിരുതനെ വീഴ്ത്താനായി കടക്കാരൻ പൊലീസിനടുത്ത് എത്തിച്ചെങ്കിലും ‌ഞൊടിയിടയിൽ മുങ്ങി.

രാമനാട്ടുകര മാർക്കറ്റ് കെട്ടിടത്തിന്റെ താഴെ ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന പി പി എസ് ലോട്ടറി ഏജ ന്റ് ഫറോക്ക് നല്ലൂർ സ്വദേശി പ്രേമാനന്ദനിൽ നിന്നാണ് അയ്യായിരം തട്ടിയെടുക്കാൻ ശ്രമം നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ടിക്കറ്റ് കൈയിൽ കിട്ടിയപ്പോൾ തന്നെ കടക്കാര​ന് അത് വ്യാജ ലോട്ടറിയാണെന്നു മനസ്സിലായിരുന്നു. ബാർ കോഡും നമ്പറും ശരിയാണെങ്കിലും ടിക്കറ്റ് വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ട പ്രേമാനന്ദ് സമർത്ഥമായി ഇയാളെയും കൂട്ടി ​തൊട്ടടുത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിലെ എസ്.ഐ സി.കെ.അരവിന്ദനെ വിവരം ധരിപ്പിച്ചു. എവിടെ നിന്നാണ് ടിക്കറ്റ് ലഭിച്ചതെന്ന് ചോദിച്ചപ്പോൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ നിന്നാണെന്നായിരുന്നു മറുപടി. അതിനിടെ, പൊലീസിന്റെ ശ്രദ്ധ പെട്ടെന്ന് മാറിയ നിമിഷത്തിനിടയിൽ ഇയാൾ മുങ്ങുകയാണുണ്ടായത്. പിന്നീട് രാമനാട്ടുകര ടൗൺ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും പിടികൂടാനായില്ല.

ടിക്കറ്റ് വ്യാജൻ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.