വടകര: ജൈവ കർഷകർക്ക് സംസ്ഥാന സർക്കാർ പ്രോത്സാഹനം നൽകുന്നില്ലെന്ന ആക്ഷേപവുമായി ജൈവ കർഷകർ. ജൈവകൃഷിക്ക് പ്രാമുഖ്യം ലഭിച്ചാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്ന വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കളിൽ നിന്ന് കേരള ജനതയെ ഒരു പരിധിവരെയെങ്കിലും രക്ഷിക്കുവാൻ സാധിക്കും. എന്നാൽ ജൈവ കർഷകരെ സർക്കാർ ഒരു വിധത്തിലും സഹായിക്കുന്നില്ല. സർക്കാറിന്റെ ഈ നയത്തിൽ മാറ്റം വരണമെന്ന് തിരുവള്ളൂർ പഞ്ചായത്ത് ജൈവ കർഷക സംഗമം ആവശ്യപ്പെട്ടു. നിലവിൽ രാസ കൃഷിയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഇത് മാറ്റി ജൈവകൃഷിയെ സർക്കാറിന്റെ കൃഷി രീതിയായി അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള ജൈവ കർഷക സമിതി സംസ്ഥാന നിർവാഹകസമിതി അംഗം കെ. പി ഉണ്ണി ഗോപാലൻ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.എം വി കുഞ്ഞമ്മദ്, കെ വിശ്വനാഥൻ, പുളിയറത്ത് മൊയ്തു, കെ കെ കുഞ്ഞബ്ദുള്ള, വി അമ്മദ്, പി കെ ഷനുജ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി കെ വിശ്വനാഥൻ (പ്രസിഡന്റ്) പുളിയറത്ത് മൊയ്തു (സെക്രട്ടറി) സി കെ സുരേഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.