പേരാമ്പ്ര : കര്‍ഷക വേഷമണിഞ്ഞെത്തിയ യുപി സ്കൂൾ വിദ്യാര്‍ത്ഥികള്‍ ഞാറ്റുപ്പാട്ടിന്റെ അകമ്പടിയോടെ ചെളിയിലിറങ്ങി ഞാറ് നട്ടു. പരമ്പരാഗത കാര്‍ഷിക തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു. അത്ഭുതകരമായ കാഴ്ചയായിരുന്നു ആവളക്കാർക്ക്. അന്യമായിക്കൊണ്ടിരിക്കുന്ന കൃഷിയെ പുനരുജീവിപ്പിക്കുക വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആവള യുപി സ്‌കൂള്‍ നടപ്പിലാക്കുന്ന പാഠത്തോടൊപ്പം പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി നടീല്‍ ഉത്സവമാണ് കാർഷിക കേരളത്തിന് പുതിയ പ്രതീക്ഷയായത്. സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും പിടിഎയുടെയും നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയുടെ രണ്ടാം ഘട്ടമാണ് എടവരാട് പാണ്ടികുന്നോത്ത് താഴെ വയലില്‍ നടന്ന നടീല്‍ ഉത്സവം. ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് തറമ്മല്‍ അരിയായി പാടിക്കൊടുത്ത ഞാട്ടിപാട്ട് ഏറ്റുപാടിയാണ് ഞാറ് നടീല്‍ നടന്നത്. പരിപാടിയുടെ ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആര്‍. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബി. ബിനീഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ശോഭ, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി രാജന്‍ അരീക്കല്‍, എംപിടിഎ ചെയര്‍പേഴ്‌സണ്‍ സിന്ധു, പാടശേഖര സമിതി പ്രസിഡന്റ് കെ.ടി. പത്മനാഭന്‍, നൊച്ചാട് അമ്മത്, എസ്ആര്‍ജി കണ്‍വീനര്‍ ജി. സ്മിത, സ്‌കൂള്‍ ലീഡര്‍ അഷ്ബിന്‍ എസ്. റിജു, ടി. അസീല്‍ അഷറഫ് എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന പി. സുനീതി സ്വാഗതവും കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ഹമീദ് തറമ്മല്‍ നന്ദിയും പറഞ്ഞു.