പുൽപ്പള്ളി: പ്രായാധിക്യം വന്ന മാതാപിതാക്കളും രോഗക്കിടക്കയിലായ സഹോദരങ്ങളും മാത്രമായ ആദിവാസി കുടുംബത്തിന് ദുരിതപൂർണ്ണ ജീവിതം. മുള്ളൻകൊല്ലി പഞ്ചായത്തിലെ പാളക്കൊല്ലി മാടൽപ്പാടി കോളനിയിലെ വെള്ളിയുടെയും കുട്ടിയുടെയും മക്കളായ ചണ്ണിയും മാതുവും ശരീരം തളർന്ന് വീട്ടിൽതന്നെ കഴിയുകയാണ്. പരസഹായമില്ലാതെ ഇവർക്ക് ഒന്നും ചെയ്യാനാവില്ല. ചണ്ണിയുടെ കൈകാലുകൾ അനുദിനം ശോഷിച്ച് വരികയാണ്. 15 വർഷത്തിലേറെയായി ചണ്ണിക്ക് ഈ രോഗം പിടിപെട്ടിട്ട്. പലയിടങ്ങളിലും ചികിത്സ തേടിയെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല.

സഹോദരനു വന്ന അതേ അസുഖം തന്നെയാണ് മാതുവിനും. മാതു രോഗബാധിതയായിട്ട് 5 വർഷത്തിലേറെയായി. ഇരുവരും വീൽചെയറിലാണ് കഴിയുന്നത്. വാസയോഗ്യമായ വീടും ഇവർക്കില്ല. മഴപെയ്താൽ ചോർന്നൊലിക്കും. വീടിനായി പലയിടങ്ങളിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ വീട് അനുവദിച്ചില്ല. പ്രായാധിക്യം മൂലം കഷ്ടപ്പെടുന്നവരാണ് ഇവരുടെ മാതാപിതാക്കളായ വെള്ളിയും കുട്ടിയും.


(ഫോട്ടോ -വീൽചെയറിൽ കഴിയുന്ന ചണ്ണിയും മാതുവും വീടിന് മുന്നിൽ