letter
Photo: ചെങ്ങോടുമല ഖനനം സംബന്ധിച്ച് വി. എം. സുധീരൻ മുഖ്യമന്ത്രിക്കയച്ച കത്ത്

പേരാമ്പ്ര: കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാനുള്ള സ്വകാര്യ ഗ്രൂപ്പിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ മുൻ കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരൻ ആവശ്യപ്പെട്ടു. റവന്യു, വ്യവസായം, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

കൂടാതെ നിയമസഭാ പരിസ്ഥിതി സമിതി ചെയർമാനും മുഴുവൻ എം. എൽ. എമാർക്കും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ചെങ്ങോട്ടുമലയിൽ ഖനനം നടന്നാൽ ആദിവാസികൾ ഉൾപ്പെടെ രണ്ടായിരത്തോളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. വംശനാശം നേരിടുന്ന സസ്യ- ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ചെങ്ങോട്ടുമല.നേരത്തെ രണ്ട് തവണ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഖനനം നടന്നാൽ ഉണ്ടാകാവുന്ന ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ദ്ധ സമിതി തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഈ മേഖലയിലെ ആറ് ഗ്രാമസഭകൾ ഖനനത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. മഹാപ്രളയത്തിന്റെയും മാരകമായ ഉരുൾപൊട്ടലിൻറെയും തിക്താനുഭവങ്ങളെ പാടെ വിസ്മരിച്ചു കൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി തന്നെ ഖനനക്കാർക്ക് വേണ്ടി ഇടപെടുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും സുധീരൻ കത്തിൽ പറയുന്നു. ഈ പ്രദേശത്തിന്റെ രക്ഷയെ മുൻനിറുത്തിയും ജനതാല്പര്യം മാനിച്ചും പാരിസ്ഥിതിക തകർച്ച ഒഴിവാക്കുന്നതിനും ചെങ്ങോടുമല മേഖലയെ സർവ്വനാശത്തിലേക്ക് തള്ളിവിടാതിരിക്കാനും സർക്കാർ ഇടപെടണമെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സുധീരൻ ചെങ്ങോടുമല സമരപന്തൽ സന്ദർശിച്ച് വിഷയം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എം. എൽ. എമാരുടേയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സമരസമിതി പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു.