-ഷഹല സംഭവം രാഷ്ട്രീയ വിഷയമാക്കരുത്
-ബീനാച്ചി എസ്റ്റേറ്റ് മെഡിക്കൽ കോളേജിനായി ഏറ്റെടുക്കണം
സുൽത്താൻ ബത്തേരി: ചികിൽസാ സൗകര്യം പരിമിതമായ വയനാട്ടിൽ അടിയന്തിരമായി മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ നടപടി വേണമെന്ന് രാഹുൽ ഗാന്ധി എം.പി. ചികിൽസാ സൗകര്യത്തിന്റെ പോരായ്മകൊണ്ടാണ് ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീൻ മരിക്കാനിടയായത്. വലിയ ആരോഗ്യ കേന്ദ്രങ്ങളുടെ അപര്യപ്തതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ അടിയന്തിരമായി വയനാട്ടിൽ എല്ലാ സൗകര്യവുമുള്ള മെഡിക്കൽ കോളേജ് സ്ഥാപിക്കണം. ബത്തേരി സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള ഒരു ചികിൽസാ സംവിധാനവും ഇല്ല. ഇനി ഒരു കുരുന്ന് ജീവൻപോലും ചികിൽസ കിട്ടാതെ നഷ്ട്ടപ്പെടരുത്. അതിന് ജില്ലയിൽ തന്നെ ഒരു മെഡിക്കൽ കോളേജ് അത്യാവശ്യമാണ്. എത്രയും പെട്ടന്ന് സ്ഥലം കണ്ടെത്തി മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് എം.പി. എന്ന നിലയ്ക്കുള്ള എല്ലാ സഹായവും നൽകും.
ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കണം
മെഡിക്കൽ കോളേജ് ആശുപത്രിക്ക് സ്ഥല ദൗർലഭ്യമാണ് പ്രശ്നമെന്നിരിക്കെ ഹെക്ടർക്കണക്കിന് സ്ഥലം മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ ബീനാച്ചിയിലുണ്ട് . ഇത് ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണം. ഇതിന് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ട നടപടിയെടുക്കും. ദേശീയപാതയരുകിലുള്ള ഈ സ്ഥലം എന്തുകൊണ്ടും മെഡിക്കൽ കോളേജിന് യോജിച്ചതാണ്. വയനാട്ടിൽ കൂടുതൽ ആളുകളും ചികിൽസ കിട്ടാതെയാണ് മരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സേവനം വയനാട്ടിൽ വേണം.
ഷഹല സംഭവം രാഷ്ട്രീയവൽക്കരിക്കരുത്
ക്ലാസ് മുറിയിൽ നിന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ പേരിൽ ഇനി പ്രശ്നം സൃഷ്ടിക്കുകയല്ല, ഭാവി കാര്യങ്ങൾ നോക്കുകയാണ് വേണ്ടത്. ഷഹലയുടെ മരണം രാഷ്ട്രീയവൽക്കരിക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പൊതു വിദ്യാലയം ശക്തം
കേരളത്തിലെ പൊതു വിദ്യാലയ സംവിധാനം വളരെ ശക്തമാണെങ്കിലും ഭൗതിക സാഹര്യങ്ങളിൽ ഇപ്പോഴും വളരെയധികം പോരായ്മകളുണ്ട്. ഇതിന്റെ തെളിവാണ് ക്ലാസ് മുറിയിൽ നിന്ന് കുട്ടിക്ക് പാമ്പ് കടിയേറ്റത്. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടി ക്രമങ്ങൾ അടിയന്തിരമായി നടപ്പിലാക്കണം.
എം.പി ഷഹലയുടെ വീട് സന്ദർശിച്ചു
ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി ഗവ.സർവ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഹഹല ഷെറിന്റെ പുത്തൻ കുന്നിലുള്ള വീട്ടിലെത്തി ഷഹലയുടെ മാതാപിതാക്കളെ രാഹുൽഗാന്ധി ആശ്വസിപ്പിച്ചു. നടന്ന സംഭവങ്ങളെപ്പറ്റി മാതാപിതാക്കളോട് ചോദിച്ചറിഞ്ഞ് അവരെ ആശ്വസിപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
സർവ്വജനയിലേക്ക് വീണ്ടും വരും
''പ്രിയപ്പെട്ട കുട്ടികളെ, വളരെ സന്തോഷത്തോടെ നിങ്ങളുടെ മുന്നിൽ വരേണ്ടതായിരുന്നു. നിർഭാഗ്യവശാൽ ദുഖിതനായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ഷഹലയുടെ ഒർമ്മകൾക്കിടയിലാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്'' രാഹുൽ പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു. അടുത്തപ്രാവശ്യം ഞാൻ വളരെ സന്തോഷത്തോടെ നിങ്ങളുടെ മുന്നിൽ വരുമെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. ഷഹലയ്ക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറി സന്ദർശിക്കുകയും ഓഫീസിലെത്തി പ്രധാന അദ്ധ്യാപകനോടും പി.ടി.എ. ഭാരവാഹികളോടും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.